ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവുവിനും ചൗധരി ചരണ്‍സിങ്ങിനും ഹരിത വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന പ്രമുഖ കാര്‍ഷിക ശാശ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥനും ഭാരതരത്‌ന ബഹുമതി പ്രഖ്യാപിക്കുന്ന അവസരത്തിന് രാഷ്ട്രീയ പ്രാധാന്യമേറെ. ചരണ്‍ സിങ്ങിന്റെ മകന്‍ അജിത് സിങ് സ്ഥാപിച്ച്, നിലവില്‍ കൊച്ചുമകന്‍ ജയന്ത് ചൗധരി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ലോക്ദളുമായി ബി.ജെ.പി. സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ഭാരതരത്‌ന പ്രഖ്യാപിക്കുന്നത്. ചരണ്‍ സിങ്ങിന് ബഹുമതി നല്‍കിയ പ്രഖ്യാപനം ഹൃദയം കവര്‍ന്നുവെന്ന് പ്രതികരിച്ച് ജയന്ത് ചൗധരി രംഗത്തെത്തി.

To advertise here,

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയന്ത് ചൗധരിയുടെ പാര്‍ട്ടിയുമായി ബി.ജെ.പിയുടെ സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമുള്ള ആര്‍.എല്‍.ഡിക്ക് ഉത്തര്‍പ്രദേശില്‍ രണ്ടു ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റുമാണ് ധാരണപ്രകാരം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ യു.പിയില്‍നിന്ന് എസ്.പിയുടെ ക്വോട്ടയിലുള്ള രാജ്യസഭാംഗമാണ് ജയന്ത് ചൗധരി. നേരത്തെ, ചരണ്‍ സിങ്ങിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി ആര്‍.എല്‍.ഡി. രംഗത്തെത്തിയിരുന്നു.

ബിജെപിയുമായി സഖ്യത്തിലേക്ക് നീങ്ങുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്നത്തെ ദിവസം രാഷ്ട്രീയ പറഞ്ഞാല്‍ അതിന്റെ പ്രധാന്യം കുറയുമെന്ന് പറഞ്ഞ ജയന്ത് ചൗധരി, പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ അടിസ്ഥാന വികാരങ്ങളും സ്വഭാവവും മനസ്സിലാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു തീരുമാനമാണ് എടുത്തതെന്നും പറയുകയുണ്ടായി.

ബി.ജെ.പി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു, എന്‍.ഡി.എ. സഖ്യത്തിലെത്തിലെത്തുന്നതിനും സമാനമായ ചില സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യ പ്രയോക്താവുമായ കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നിതീഷ് എന്‍.ഡി.എയിലെത്തിയത്.

കര്‍പ്പൂരി ഠാക്കൂറിന്റെ ഏകമകന്‍ രാംനാഥ് ഠാക്കൂര്‍ ജെ.ഡി.യുവിന്റെ ഏക രാജ്യസഭാംഗമാണെന്നതും ശ്രദ്ധേയമാണ്. ജാതിസെന്‍സസ് ആവശ്യം കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഉയര്‍ത്തിക്കൊണ്ടുവരവെ അതിനെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ മികച്ച നീക്കം കൂടിയായിരുന്നു കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകിയ നടപടി.