ബെംഗളൂരു: ഐപിഎല്‍ കിരീട ആഘോഷം ദുരന്തത്തില്‍ കലാശിച്ച സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വമേധയാ ആണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

To advertise here,

ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ വിജയാഘോഷത്തിനായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ക്രിമിനല്‍ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ബെംഗളൂരു കബ്ബന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ സംഘാടകര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസെടുത്തത് കൂടാതെ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജില്ലാ മജിസ്‌ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ജി.ജഗദീഷ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡയത്തിലും തിക്കുംതിരക്കും ഉണ്ടായ കവാടങ്ങളിലും പരിശോധന നടത്തി. 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും വിശകലനം ചെയ്യും. മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും മൊഴി രേഖപ്പെടുത്തും. ജൂണ്‍ 13 ന് രാവിലെ 10:30 നും ഉച്ചയ്ക്ക് 1:30 നും ഇടയില്‍ പൊതുജനങ്ങള്‍ക്കും മൊഴി നല്‍കാമെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷ വേളയില്‍ വിന്യസിച്ച പോലീസുകാരുടെ പട്ടിക തയ്യാറാക്കുകയും അവരോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജി.ജഗദീഷ വ്യക്തമാക്കി.

പോലീസ് അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നടക്കമുള്ള ആരോപണങ്ങളുയരുന്നതിനിടെയാണ് സംഘടകര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.