ന്യൂഡൽഹി: ഉത്തരകാശിയിലെ തൊഴിലാളി സഹോദരങ്ങളുടെ രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവരെയും വികാരഭരിതരാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പറഞ്ഞു.

To advertise here,

‘നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനമാണെന്ന് തുരങ്കത്തിൽ കുടുങ്ങിപ്പോയ സുഹൃത്തുക്കളോട് പറയാനാഗ്രഹിക്കുന്നു. എല്ലാവർക്കും സൗഖ്യവും ആരോഗ്യവും നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ ഈ സുഹൃത്തുക്കൾ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നൽകുന്നു. വെല്ലുവിളി നിറഞ്ഞ സമയത്ത് ആ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിവാദ്യങ്ങൾ. നിങ്ങളുടെ ധീരതയും നിശ്ചയദാർഢ്യവുമാണ് നമ്മുടെ തൊഴിലാളിസഹോദരങ്ങൾക്ക് പുതുജീവൻ നൽകിയത്. ഈ ദൗത്യത്തിന്റെ ഭാഗമായവർ മാനവികതയുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും വിസ്മയ മാതൃകയാണ്’ -മോദി പറഞ്ഞു.

ചരിത്രത്തിലെതന്നെ സങ്കീർണമായ രക്ഷാപ്രവർത്തനങ്ങളിലൊന്നായ സിൽകാരയിൽ ധീരതയോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും എക്‌സിൽ പോസ്റ്റുചെയ്തു. സ്വന്തം വീടുകളിൽനിന്നകലെ, വെല്ലുവിളിനിറഞ്ഞ സാഹചര്യത്തിലും നിർണായകമായ അടിസ്ഥാനസൗകര്യ സംവിധാനങ്ങൾ നിർമിക്കാനെത്തിയ തൊഴിലാളികളുടെ പ്രയത്നവീര്യത്തെ രാജ്യം സല്യൂട്ട് ചെയ്യുന്നുവെന്നും രാഷ്ട്രപതി പോസ്റ്റുചെയ്തു.