
മീററ്റ്: ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ ഷർട്ട് ഊരി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാർട്ടി അവരുടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ ഒരു ആഗോള പരിപാടി ഉപയോഗിച്ചു എന്നും ഈ പ്രതിഷേധം പാർട്ടിയുടെ ആദർശപരമായ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എഐ ഉച്ചകോടി 'ബിജെപി ഇവന്റ് ആയിരുന്നില്ല' എന്ന് കോൺഗ്രസ് ഓർക്കേണ്ടതായിരുന്നു എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്രസർക്കാരിനും ഇന്ത്യ-യുഎസ് വ്യാപാര കരാറിനുമെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടുകൾ ഊരി പ്രതിഷേധിച്ചത്. ’നിങ്ങൾ നഗ്നരാണെന്ന് രാജ്യത്തെല്ലാവർക്കുമറിയാം, പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് വസ്ത്രങ്ങൾ അഴിച്ചുമാറ്റേണ്ട ആവശ്യമുണ്ടെന്ന് തോന്നിയത്?’ ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന ഒരു പൊതുപരിപാടിയിൽവെച്ച് കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി ചോദിച്ചു.
'രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടി ആദർശപരമായി എത്രത്തോളം പാപ്പരായും ദരിദ്രരായും മാറിയിരിക്കുന്നു എന്ന് കാണിക്കുന്നതാണ് കോൺഗ്രസ് നേതാക്കൾ അവിടെ ചെയ്ത പ്രവർത്തി. സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിലാണ് കോൺഗ്രസ് ഇപ്പോൾ വ്യാപൃതരായിരിക്കുന്നത്. രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികൾക്ക് ഇന്ത്യയുടെ വിജയം സഹിക്കാൻ കഴിയുന്നില്ല.' പ്രധാനമന്ത്രി പറഞ്ഞു.
'ലോകത്തിലെ ഏറ്റവും വലിയ എഐ സമ്മേളനം നമ്മൾ ഇന്ത്യയിൽ കണ്ടു. എന്നാൽ കോൺഗ്രസ് പ്രവർത്തകർ എന്തുചെയ്തു? ഇന്ത്യയ്ക്കായുള്ള ഒരു ആഗോള ഇവന്റിനെ കോൺഗ്രസ് അവരുടെ വൃത്തികെട്ടതും നഗ്‌നവുമായ രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റുകയാണുണ്ടായത്.' അദ്ദേഹം കുറ്റപ്പെടുത്തി. എഐ ഉച്ചകോടി 'ബിജെപി ഇവന്റ് ആയിരുന്നില്ല' എന്ന് കോൺഗ്രസ് ഓർക്കേണ്ടതായിരുന്നു എന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
'കോൺഗ്രസ് നേതാക്കൾക്ക് എന്നെ വെറുപ്പാണ്, അവർ എന്റെ ശവക്കുഴി തോണ്ടാൻ ആഗ്രഹിക്കുന്നു. എന്റെ അമ്മയെ അപമാനിക്കാൻ പോലും അവർ മടിക്കുന്നില്ല. എഐ ഗ്ലോബൽ ഉച്ചകോടി ബിജെപി ഇവന്റ് ആയിരുന്നില്ലെന്നും, അപ്പോൾ ബിജെപി നേതാക്കളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് ഓർക്കേണ്ടതായിരുന്നു. ഇത് ഒരു ദേശീയ പ്രവർത്തനമായിരുന്നു. എന്നാൽ കോൺഗ്രസ് അന്ന് മര്യാദാലംഘനം നടത്തി. കോൺഗ്രസിന്റെ ഈ പ്രവർത്തിയിൽ രാജ്യം മുഴുവൻ അപലപിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 20 വെള്ളിയാഴ്ചയാണ് സമ്മിറ്റിലെ എക്‌സിബിഷൻ ഹാളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഒരു സംഘം അതിക്രമിച്ച് കയറിയത്. ധരിച്ചിരുന്ന ഷർട്ടുകൾ ഊരിമാറ്റി യുഎസ്-ഇന്ത്യ വ്യാപാര കരാറിനെതിരെയും സർക്കാരിനെതിരെയും അവർ മുദ്രാവാക്യം വിളിച്ചു. ചില പ്രതിഷേധക്കാർ പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ ഉയർത്തിപ്പിടിച്ചു.
വേദിയിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിന് വഴിവെച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബീഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Content Highlights: PM Modi criticizes Congress youth wing`s shirtless protest at the India AI Impact Summit, calling it `naked politics` and ideologically bankrupt. Read details.
Published: 22 Feb 2026, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented