ലഖ്നൗ: ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞതും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഇന്ന് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ, മുൻ സർക്കാരുകളുടെ കാലത്ത് ഉത്തർപ്രദേശിന്റെ മുഖമുദ്രയായിരുന്നത് കുറ്റകൃത്യങ്ങളും കാട്ടുനീതിയും ആയിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.

To advertise here,

"ഒരുകാലത്ത് ഉത്തർപ്രദേശ് കുണ്ടും കുഴികളും നിറഞ്ഞ സ്ഥലമെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന്, രാജ്യത്ത് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി ഇത് മാറിയിരിക്കുന്നു. ഇന്ന് ഉത്തർപ്രദേശിൽ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങളുണ്ട്," അദ്ദേഹം പറഞ്ഞു. "നമ്മുടെ ഉത്തർപ്രദേശ് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാടാണ്. എന്നാൽ, മുൻ സർക്കാർ അവരുടെ പ്രവർത്തനങ്ങളിലൂടെ കുറ്റകൃത്യങ്ങളും കാട്ടുനീതിയും ഉത്തർപ്രദേശിന്റെ മുഖമുദ്രയാക്കി. ഉത്തർപ്രദേശിലെ മാഫിയകളെക്കുറിച്ച് സിനിമകൾ വരെ ഉണ്ടായി. എന്നാൽ, ഇപ്പോൾ രാജ്യത്തുടനീളം യുപിയിലെ ക്രമസമാധാനനില ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നു," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ലോകത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ച മോദി, ഇന്ത്യ സ്ഥിരമായ വേഗതയിൽ മുന്നോട്ട് പോകുകയാണെന്ന് നിരീക്ഷിച്ചു. ബാഹ്യശത്രുക്കളും അധികാരത്തിന് വേണ്ടി ദാഹിക്കുന്ന ചില വ്യക്തികളും രാജ്യത്തെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

"ഇന്ന് ലോകം മുഴുവൻ യുദ്ധത്തിലും അസ്വസ്ഥതകളിലും അസ്ഥിരതയിലും അകപ്പെട്ടിരിക്കുന്നതായി നിങ്ങൾ കാണുന്നു. പ്രധാന രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമാണ്, എന്നിരുന്നാലും ഇന്ത്യ വികസനത്തിന്റെ പാതയിൽ അതേ വേഗതയിൽ മുന്നോട്ട് പോകുകയാണ്. ഇത് ബാഹ്യശത്രുക്കൾക്ക് ഇഷ്ടപ്പെടുന്നില്ല, അധികാരത്തിനുവേണ്ടി ദാഹിക്കുന്ന ചിലർ ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നു. എങ്കിലും നാം സുരക്ഷിതരായിരിക്കുക മാത്രമല്ല, വികസനത്തിന്റെ പുതിയ റെക്കോഡുകൾ തകർക്കുകയും ചെയ്യുന്നു. സ്വയംപര്യാപ്തമായ ഇന്ത്യയ്ക്കായുള്ള പ്രചാരണവുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു. ഏറ്റവും ആധുനിക അടിസ്ഥാന സൗകര്യ മേഖല കെട്ടിപ്പടുക്കുകയാണ്. ഗംഗാ എക്സ്പ്രസ് വേ ഈ ദിശയിലെ മറ്റൊരു ശക്തമായ ചുവടുവെപ്പാണ്." 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തർപ്രദേശ് തയ്യാറെടുക്കുന്നതിനിടെയാണ് സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനുമെതിരെ മോദി വിമർശനം ഉന്നയിച്ചത്.

ഏകദേശം 36,230 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഗംഗാ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.