ന്യൂഡല്‍ഹി/ജിദ്ദ: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എന്‍.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷാ ഇന്ന് വൈകിട്ട് ശ്രീനഗറിലേക്ക് തിരിച്ചേക്കും. രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ ജിദ്ദയിലാണുള്ളത്.

To advertise here,

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. രാജസ്ഥാനില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രണത്തില്‍ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ വസതിയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.

മരണസംഖ്യ ഇപ്പോഴും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല, അതിനാല്‍ ആ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സമീപ വര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യം വച്ച് നടന്ന ആക്രമണത്തേക്കാളും വളരെ വലുതാണ് ഈ ആക്രമണം. ഞെട്ടലുണ്ടാക്കുന്ന ഈ ആക്രമണത്തില്‍ താന്‍ അപലപിക്കുന്നതായും ഒമര്‍ അബ്ദുള്ള പറഞ്ഞു.

'വിശ്വസിക്കാന്‍ പോലും കഴിയാത്ത വിധം ഞെട്ടിപ്പോയി. സന്ദര്‍ശകര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം മ്ലേച്ഛമാണ്. ഈ ആക്രമണത്തിലെ കുറ്റവാളികള്‍ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരും അവഹേളിക്കപ്പെടേണ്ടവരുമാണ്. അപലപിക്കാന്‍ വാക്കുകള്‍ പോരാ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു' ഒമര്‍ അബ്ദുള്ള പറഞ്ഞു.