ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ച് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് തന്റെസര്‍ക്കാരിന്റെ മൂന്നാം ടേം മാത്രമാണെന്നും വികസിതഭാരതമെന്ന ലക്ഷ്യം നിറവേറ്റാനായി യത്‌നിക്കുമ്പോള്‍ ഒട്ടേറെ വര്‍ഷങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കാനിരിക്കുന്നുവെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിനല്‍കുകയായിരുന്നു പ്രധാനമന്ത്രി.
'ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ യുദ്ധം ചെയ്യണ'മെന്ന രാഹുല്‍ഗാന്ധിയുടെ സമീപകാലത്തെ വിമര്‍ശനത്തിനുള്ള മറുപടിയായി, അര്‍ബന്‍ നക്‌സലിന്റെ സ്വരമാണ് ഇത്തരം ആഹ്വാനങ്ങളിലൂടെ പ്രകടമാകുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ഡല്‍ഹി നിയമസഭയിലേക്ക് ബുധനാഴ്ച വോട്ടെടുപ്പു നടക്കാനിരിക്കെ, അത് മുന്നില്‍ക്കണ്ടുള്ള വികസന അവകാശവാദങ്ങളും ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിനെതിരായ ആക്ഷേപങ്ങളും ഒന്നരമണിക്കൂറോളംനീണ്ട പ്രസംഗത്തില്‍ മോദി ഉയര്‍ത്തി. ചിലനേതാക്കള്‍ അധികാരം കിട്ടിയപ്പോള്‍ മാളികകള്‍ പണിയുന്നതിലും അതില്‍ അഭിരമിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ചിലപാര്‍ട്ടികള്‍ രാജ്യത്തെ യുവാക്കള്‍ക്ക് 'ആപ്ദാ' (ദുരന്തം) ആണ്.
2014-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കി. കോണ്‍ഗ്രസിന്റെ ഗരീബി ഹഠാവോ മുദ്രാവാക്യം തികഞ്ഞ പരാജയമായിരുന്നു. അഞ്ചുപതിറ്റാണ്ടുകാലം ഈ മുദ്രാവാക്യത്തിലൂടെ ജനങ്ങള്‍ കബളിപ്പിക്കപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണം അവരുടെതന്നെ അഭിവൃദ്ധിക്കായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത് -മോദി കുറ്റപ്പെടുത്തി.
പുസ്തകം വായിക്കണം; 'ശശി'യെ ഉദ്ദേശിച്ചല്ലെന്ന് മോദി
ചിലര്‍ സ്വയം പക്വതയായെന്നു കാട്ടാനാണ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് രാഹുല്‍ഗാന്ധിയുടെ കഴിഞ്ഞദിവസത്തെ ചൈനാവിമര്‍ശനത്തിന് മോദി മറുപടിനല്‍കി. അത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ രാഷ്ട്രത്തിന് അതെന്തുതരം അപകടം വരുത്തിവെക്കുമെന്ന് ചിന്തിക്കുന്നില്ല. പലരും പുസ്തകങ്ങള്‍ വായിക്കുന്നില്ല. ഇവര്‍ ജോണ്‍ എഫ്. കെന്നഡി വിദേശനയത്തെക്കുറിച്ചെഴുതിയ പുസ്തകം വായിക്കണം. പുസ്തകം വായിക്കണമെന്ന് പറഞ്ഞത് ശശിയെ ഉദ്ദേശിച്ചല്ലെന്ന് പ്രതിപക്ഷനിരയിലിരുന്ന ശശി തരൂരിനെ നോക്കിക്കൊണ്ട് മോദി പറഞ്ഞു.
ചിലര്‍ കുടിലുകളിലേക്ക് വിനോദയാത്ര നടത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. അത്തരക്കാര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിയാണ്. ദരിദ്രകുടുംബത്തില്‍പെട്ട രാജ്യത്തിന്റെ പുത്രി രാഷ്ട്രപതിയാകുമ്പോള്‍ അവരെ എങ്ങനെയാണ് അപമാനിക്കാന്‍ തോന്നുന്നത് എന്ന് സോണിയാഗാന്ധിയുടെ വിവാദപരാമര്‍ശത്തെ ലക്ഷ്യമിട്ട് മോദി ചോദിച്ചു. രാഷ്ട്രീയം പറയാം, എന്നാല്‍ രാഷ്ട്രപതിയെ വിമര്‍ശിക്കുന്നതെന്തിന്?
അടുത്ത 25 വര്‍ഷം വികസിതഭാരതത്തിലേക്ക് രാജ്യത്തെ ജനങ്ങളെ നയിക്കുന്നതിനുള്ള മാര്‍ഗരേഖയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. ഭരണഘടനയുടെ ആത്മാവിനൊപ്പമാണ് നമ്മള്‍ ജീവിക്കുന്നത്.
ചിലകുടുംബം ഡല്‍ഹിയില്‍ മ്യൂസിയമുണ്ടാക്കി
ചിലകുടുംബങ്ങള്‍ ഡല്‍ഹിയില്‍ സ്വന്തം മ്യൂസിയം നിര്‍മിച്ചുവെച്ചിരിക്കുകയായിരുന്നെന്നും നമ്മള്‍ അതിനെ പ്രധാനമന്ത്രി മ്യൂസിയമാക്കിയെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് മോദി പരിഹസിച്ചു. നെഹ്റു മ്യൂസിയത്തെ ഞങ്ങള്‍ പ്രധാനമന്ത്രി മ്യൂസിയമാക്കി. ആ കുടുംബമിപ്പോള്‍ വന്ന് പി.എം. മ്യൂസിയം കാണണം. ഒരു കുടുംബത്തില്‍നിന്ന് എസ്.സി-എസ്.ടി. വിഭാഗത്തിന്റെ മൂന്ന് എം.പി.മാരുണ്ടാകുമോ എന്ന് നെഹ്‌റു കുടുംബത്തില്‍നിന്ന് മൂന്ന് എം.പി.മാരുള്ളതിനെ പരിഹസിച്ച് മോദി ചോദിച്ചു.
ജാതിയെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോള്‍ ചിലര്‍ക്ക് ഫാഷനായിട്ടുണ്ട്. 2047-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ നമ്മള്‍ വികസിതഭാരതമായിമാറുമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗത്തിനുശേഷം സഭ ശബ്ദവോട്ടോടെ നന്ദിപ്രമേയം പാസാക്കി. മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രസംഗത്തിന്റെ ഒടുവില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് ഇറങ്ങിപ്പോയി.
Content Highlights: PM Modi criticized Rahul Gandhi and Congress highlighting his government achievements
Published: 05 Feb 2025, 06:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented