
ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തിനു നേർക്കുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് സ്തംഭിച്ചു. പരീക്ഷാ ക്രമക്കേട് തടയുന്നതിനുള്ള ബില്ലിന്റെ ചർച്ചയ്ക്കിടെ, ആഭ്യന്തരമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി ലോക്‌സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉന്നയിച്ച ആരോപണത്തിന്റെ ചുവടുപിടിച്ചാണ് പ്രതിപക്ഷം ആക്രമണം കടുപ്പിക്കുന്നത്.
പക്ഷേ, ആഭ്യന്തരമന്ത്രി ഇരുസഭകളിലുംനിന്ന് വിട്ടുനിൽക്കുകയാണ്. ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട ചില സുപ്രധാനബില്ലുകൾ ഇതിനിടയിൽ ഇരുസഭകളും പാസാക്കിയെങ്കിലും അവ അവതരിപ്പിച്ചത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ്.
‘സഭയിലെത്തൂ, അമിത്ഷാ മറുപടി നൽകൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. ഇതോടൊപ്പം അയോധ്യയിലെ സംഭാവനക്കൊള്ളയിലും പ്രതിഷേധമുയർത്തി.
സഭയ്ക്കു പുറത്തെ അംഗങ്ങളുടെ പ്രവേശനകവാടമായ മകർദ്വാറിൽ സംഭാവനക്കൊള്ളയ്ക്കെതിരായി തെരുവുനാടക രൂപത്തിലുള്ള പ്രതിഷേധം തിങ്കളാഴ്ചയും ആവർത്തിച്ചു. പ്രിയങ്കാ ഗാന്ധി, ഡിംപിൾ യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സഭയ്ക്ക് പുറത്ത് ഈയൊരു പ്രതിഷേധവും അകത്ത് അമിത്ഷായെ കേന്ദ്രീകരിച്ചുള്ള നീക്കവുമാണ് പ്രതിപക്ഷത്തിന്റെ തന്ത്രം.
ലോക്‌സഭ ആദ്യം നിർത്തിവെച്ചശേഷം ഉച്ചയ്ക്ക് 12-ന് ചേർന്നപ്പോൾ 2022-23 സാമ്പത്തികവർഷത്തെ അധിക ധനാഭ്യർഥന സംബന്ധിച്ച പ്രസ്താവന ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയുള്ള ബഹളം തുടരുന്നതിനിടെ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ മന്ത്രി റാവു ഇന്ദർജിത് സിങ്ങും ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ് ബിൽ മന്ത്രി നിർമലാ സീതാരാമനും അവതരിപ്പിച്ചു.
പിന്നീട് വീണ്ടും നിർത്തിവെച്ച സഭ ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ചേർന്നപ്പോൾ, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണംകൂട്ടൽ ബിൽ പാസാക്കി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തുന്നതാണ് ബിൽ. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളിന്റെ ആമുഖപരാമർശത്തിനുശേഷം ബിൽ ചർച്ചകൂടാതെ പാസാക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ നിരാകരണപ്രമേയം ബഹളത്തിനിടെ ഭരണകക്ഷിയംഗങ്ങളുടെ ശബ്ദവോട്ടോടെ തള്ളി.
Content Highlights: Parliament stalled for the fourth consecutive day due to opposition protests. Opposition demands Home Minister Amit Shah's response on student protest police brutality. Protests also highlighted alleged irregularities in Ayodhya donations. Supreme Court Judges (Amendment) Bill passed, increasing judge count from 34 to 38. Key government bills passed despite ongoing parliamentary deadlock.
Published: 04 Aug 2026, 07:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented