വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ട്രംപ് സുരക്ഷിതാനണെന്നറിഞ്ഞതിൽ അതീവ ആശ്വാസം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രതികരണം അറിയിച്ചത്.

To advertise here,

'പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണമെന്നും' അദ്ദേഹം കുറിച്ചു.

പ്രദേശിക സമയം ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഡി.സി.യിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്താണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നർ നടന്നുകൊണ്ടിരിക്കെ ഒരു തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെത്തുടർന്ന് ഹോട്ടലിൽ നിന്ന് ഡൊണാൾഡ് ട്രംപിനെയും വാൻസിനെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.