ന്യൂഡൽഹി: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വികസിക്കുന്നതോടെ ഭാവിയിൽതൊഴിൽ നഷ്ടമുണ്ടാകുമെന്ന യുവജനങ്ങളുടെ ആശങ്ക സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി മോദി. ന്യൂഡൽഹിയിൽ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-നോടനുബന്ധിച്ച് യുവാക്കളുമായി നടത്തിയ മുഖാമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
എഐയുടെ വരവോടെ തൊഴിലുകൾ ഇല്ലാതാകുമെന്ന ഭയത്തിന് ഏറ്റവും നല്ല മരുന്ന് ‘ശരിയായ തയ്യാറെടുപ്പാണ്’ എന്ന് അദ്ദേഹം പറഞ്ഞു. എഐ എന്നത് മനുഷ്യബുദ്ധിക്ക് പകരക്കാരനല്ല, മറിച്ച് മനുഷ്യബുദ്ധിയുടെ പങ്കാളിയായാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സാങ്കേതികവിദ്യകൾ ഒരിക്കലും തൊഴിലുകൾ ഇല്ലാതാക്കിയിട്ടില്ലെന്നും പകരം അവയുടെ സ്വഭാവം മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യാവസായ വിപ്ലവം മുതൽ ഇന്റർനെറ്റിന്റെ വരവ് വരെ ഉണ്ടായ സമാനമായ ആശങ്കകളും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ പുതിയ കണ്ടുപിടുത്തമുണ്ടാകുമ്പോഴും പുതിയ മേഖലകളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എഐ കാലഘട്ടത്തിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും തൊഴിലുകൾ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ എന്നിവർക്ക് കൂടുതൽ കൃത്യതയോടും കാര്യക്ഷമതയോടുംകൂടി ജനങ്ങളെ സേവിക്കാൻ എഐ സാങ്കേതികവിദ്യ സഹായിക്കും. ആവർത്തനസ്വഭാവമുള്ള ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ, മനുഷ്യർക്ക് കൂടുതൽ സർഗാത്മകമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ തൊഴിൽ സുരക്ഷിതമാക്കാൻ സർക്കാർ 'സ്കില്ലിങ്, റീ-സ്കില്ലിങ്' (skilling and re-skilling) മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എഐ വരുത്തുന്ന മാറ്റങ്ങളെ ഭാവിയിലെ ഒരു പ്രശ്നമായല്ല, മറിച്ച് നിലവിലെ അനിവാര്യതയായാണ് സർക്കാർ പരിഗണിക്കുന്നത്. സ്റ്റാൻഫോർഡ് ഗ്ലോബൽ എഐ വൈബ്രൻസി ഇൻഡക്സ് 2025 പ്രകാരം എഐ ഗവേഷണത്തിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്ത്യ എഐ മിഷന്റെ' പിന്തുണയോടെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഇന്ത്യൻ യുവാക്കൾ സജ്ജരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിൽ എഐ വിപ്ലവത്തെ അതിജീവിക്കുന്നതിനോടൊപ്പം ആഗോളതലത്തിൽ തൊഴിൽ വിപണിയെ നയിക്കാൻ ഇന്ത്യയിലെ യുവാക്കൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: PM Modi addresses youth fears about AI job loss. He emphasizes preparation, AI as a partner, and new opportunities. India ranks 3rd in AI research.
Published: 17 Feb 2026, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented