പ്രധാനമന്ത്രിക്ക് ഒരു സമ്മാനം നല്‍കണമെന്ന് ആഗ്രഹിക്കുക. സാമ്പത്തികമായ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് അത് നിറവേറ്റുക. പിന്നാലെ താന്‍ സമ്മാനമായി നല്‍കിയ വസ്ത്രം ധരിച്ചുകൊണ്ട് നില്‍ക്കുന്ന പ്രധാനമന്ത്രിയെ കാണുക. വര്‍ഷങ്ങളായി കാണുന്ന സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് കശ്മീരിലെ ഒരു കര്‍ഷകന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ സന്ദര്‍ശനത്തില്‍ ധരിച്ചിരുന്നത് പരമ്പരാഗത കശ്മീരി വേഷമായ ഫെരന്‍ ആയിരുന്നു. ഇത് സമ്മാനിച്ചതാകട്ടെ കശ്മീരിലെ ഒരു കര്‍ഷകനാണ്. ഏറെ നാളായി താന്‍ ആഗ്രഹിച്ചത് സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

To advertise here,

ഇര്‍ഷാദ് ഹുസൈന്‍ നയ്കൂ എന്നാണ് കര്‍ഷകന്റെ പേര്. കശ്മീര്‍ അനന്ത്‌നാഗ് സ്വദേശിയാണ്. 2013-ലാണ് ഇര്‍ഷാദിന് മോദിയെ കാണാനും സമ്മാനം നല്‍കാനും ആഗ്രഹമുണ്ടാകുന്നത്. പക്ഷേ ആഗ്രഹത്തിന്റെ പിറകേ പോകാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ അത് മറികടക്കാനായി പണം സൂക്ഷിച്ചുവെക്കാന്‍ ആരംഭിച്ചു. ഒരു തരത്തിലും പിന്‍വാങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യം.

വര്‍ഷങ്ങളോളം ഇത്തരത്തില്‍ പണം മാറ്റിവെച്ചു. ഒടുക്കം പരമ്പരാഗത വസ്ത്രമായ ഫെരന്‍ പ്രധാനമന്ത്രിക്ക് നല്‍കാന്‍ ഇര്‍ഷാദ് തീരുമാനിച്ചു. മോദിയുടെ വസ്ത്രത്തിന്റെ അളവ് അറിയാത്തത് ആദ്യ ഘട്ടത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. പിതാവ് ധരിക്കുന്നതിന് സമാനമായ അളവുള്ള വസ്ത്രമാണ് മോദി ധരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇര്‍ഷാദ് അച്ഛനേയും കൂട്ടി തയ്യല്‍ക്കാരന്റെ അടുത്തെത്തി. വസ്ത്രം നിര്‍മിക്കേണ്ടതിനെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. 

പിന്നാലെ ഫെരന്‍ കയ്യില്‍ കിട്ടിയ ഉടന്‍ ഇര്‍ഷാദ് മോദിയെ കാണാനുള്ള യാത്ര തുടങ്ങി. അനന്ത്‌നാഗില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് പോയത്. പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റിന് സമീപം വരെയെത്തിയെങ്കിലും അകത്തേക്ക് പ്രവേശിക്കാനായില്ല. സുരക്ഷാകാരണങ്ങളാണ് അതിന് വിലങ്ങുതടിയായത്. താന്‍ കശ്മീരില്‍ നിന്നാണ് വരുന്നതെന്നും ഈ സമ്മാനം അദ്ദേഹത്തിന് കൈമാറണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ വിസമ്മതിച്ചു. പിന്നാലെ കൊറിയര്‍ മുഖേന സമ്മാനം കൈമാറാമെന്ന് തീരുമാനിച്ച് ഇര്‍ഷാദ് കശ്മീരിലേക്ക് മടങ്ങി. നാട്ടിലെത്തിയ ഉടന്‍ പ്രധാനമന്ത്രിക്ക് സമ്മാനം അയക്കുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോള്‍ ഇര്‍ഷാദിനെ ഞെട്ടിച്ചു. നിങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വന്നിരുന്നില്ലേ ? എന്നാണ് ഇര്‍ഷാദിനോട് ചോദിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കോള്‍ വന്നത്. അദ്ദേഹത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞശേഷം ഒരു കാര്യം കൂടി അവര്‍ ഇര്‍ഷാദിനോട് പറഞ്ഞു.

'ഇന്ന് പ്രധാനമന്ത്രി ധരിച്ചിരിക്കുന്നത് നിങ്ങള്‍ അയച്ച സമ്മാനമാണ്. അദ്ദേഹം ഇപ്പോള്‍ കശ്മീരിലുണ്ട്. ശ്രീനഗറിലെ റാലിയില്‍ അദ്ദേഹം പങ്കെടുക്കുന്നത് നിങ്ങള്‍ സമ്മാനിച്ച ഫെരന്‍ ധരിച്ചാണ്'- ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു.

സന്തോഷത്തില്‍ മതിമറന്ന ഇര്‍ഷാദ് സുഹൃത്തുക്കളോട് മോദിയുടെ പരിപാടി ഓണ്‍ലൈനായി കാണണമെന്നും ആവശ്യപ്പെട്ടു. താന്‍ നല്‍കിയ ഫെരന്‍
ധരിച്ചുനില്‍ക്കുന്ന മോദിയെ കണ്ണീരണിഞ്ഞാണ് ഇര്‍ഷാദ് കണ്ടത്. വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമായതിന്റെ ആനന്ദം.