ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിനും ഡീസലിനും ഉടനെ വില വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്ടം ഉയർത്തുന്നുവെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈയാഴ്ച അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില നാല് വർഷത്തെ ഉയർന്ന നിരക്കായ ബാരലിന് 126 ഡോളറിലെത്തിയിരുന്നു. ഇതിനുശേഷം ചെറിയ തോതിൽ കുറഞ്ഞെങ്കിലും 110 ഡോളറിന് മുകളിലാണ് ഇപ്പോഴും വില. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പരിമിതപ്പെടുത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തടസ്സപ്പെടുകയും ചെയ്തതാണ് എണ്ണ ഉയർന്നുതന്നെ നിൽക്കാനുള്ള കാരണം. പെട്രോൾ ഡീസൽ വില വർധനവിനൊപ്പം ഗാർഹിക എൽപിജി വിലയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വാണിജ്യ എൽപിജിയുടെ വില കുത്തനെ ഉയർത്തിയിരുന്നു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. വാണിജ്യ എൽപിജി കൂടാതെ വ്യാവസായിക ഡീസൽ, 5 കിലോഗ്രാം എൽപിജി, അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിൽക്കുന്ന ജെറ്റ് ഇന്ധനം എന്നിവയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ പെട്രോളിനും ഡീസലിനും അഞ്ച് രൂപ വർധിക്കാനും ഗാർഹിക എൽപിജിക്ക് 50 രൂപ വർധിക്കാനും സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലുവർഷത്തോളമായി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ കാര്യമായ മാറ്റമില്ലാതെ തുടരുകയായിരുന്നു. 2022 ഏപ്രിൽ ആദ്യം മുതൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ നിശ്ചലമായി തുടരുകയാണ്. ഈ കാലയളവിൽ ചില മാസങ്ങളിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും മറ്റുചില മാസങ്ങളിൽ കുറയുകയും ചെയ്തിട്ടുണ്ട്. വില കുറഞ്ഞപ്പോൾ, എണ്ണ കമ്പനികൾ നല്ല ലാഭം നേടുകയും ചെയ്തിട്ടുണ്ട്, വില വർധിക്കുമ്പോൾ നഷ്ടം നികത്താൻ ഈ ലാഭം ഉപയോഗിക്കുയും ചെയ്തിരുന്നു.
വിവധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വില വർദ്ധിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.
പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പെട്രോളിന് ഒരു ലിറ്ററിന് ഏകദേശം 20 രൂപയും ഡീസലിന് ഏകദേശം 100 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ആഴ്ച വാർത്താസമ്മേളനം നത്തിയ
ഒരു മുതിർന്ന പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്ന് അന്ന് മന്ത്രാലയം പറഞ്ഞിരുന്നു.
Content Highlights: Crude oil prices reached a four-year high of $126 per barrel., Middle East tensions and supply chain disruptions driving global prices
Published: 02 May 2026, 07:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented