
ന്യൂ ഡൽഹി : പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൾ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുൾപ്പെട്ട മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൾ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയിൽ സൂപ്രണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
തൃശ്ശൂർ മെഡിക്കൽ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ വിദഗ്‌ധർ, ന്യൂറോളജിസ്റ്റ് എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൾ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മാനസിക പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൾ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ല, ആത്‍മഹത്യ ചെയ്യാനുള്ള ആലോചനയില്ല, ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സംശയം പരിശോധനയ്ക്കിടെ അമീറുൾ ഇസ്ലാം പ്രകടിപ്പിച്ചതായും സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്.
2017 മുതൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് അമീറുൾ ഇസ്ലാം. ആദ്യം പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിലായിരുന്നു ജോലി. പിന്നീട് നെയ്ത്ത് ജോലിയിലേക്ക് മാറി. നിലവിൽ ജയിൽ വളപ്പിലെ പച്ചക്കറി തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. പ്രതിദിനം 127 രൂപയാണ് വേതനമായി ലഭിക്കുന്നത്. ജോലിയിൽ കൃത്യമാണെന്നും ജയിൽ സൂപ്രണ്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
അസം സ്വദേശിയായ അമീറുൾ ഇസ്ലാം നാലാം ക്ലാസ് വരെയാണ് പഠിച്ചത്. 2013-ൽ കേരളത്തിൽ എത്തിയതു മുതൽ നിർമാണ മേഖലയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും സംസ്ഥാന സർക്കാർ മുഖേന സുപ്രീം കോടതിക്കു കൈമാറിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാകും വധശിക്ഷയ്ക്ക് എതിരേ അമീറുൾ ഇസ്ലാം നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുക.
Content Highlights: perumbavoor murder case ameer ul islam medical report
Published: 24 Dec 2024, 11:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented