ദുബായ്: അതിശക്തമായ മൂടൽ മഞ്ഞിലും മോശം കാലാവസ്ഥയിലും യു.എ.ഇയിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. ദുബായിൽ നിന്നുള്ള 12 വിമാനങ്ങളും ഷാർജയിൽ നിന്നുള്ള ആറ് സർവീസുകളും ചൊവ്വാഴ്ച രാവിലെ റദ്ദാക്കി. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയോടെ സർവീസുകൾ സാധാരണ നിലയിൽ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ ദൂരക്കാഴ്ച കുറഞ്ഞതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ എന്നിവിടങ്ങളിലേക്കുള്ള 35 വിമാനങ്ങളെയാണ് ബാധിച്ചത്. ഇതിൽ 12 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കൂടാതെ ദുബായിലേക്ക് എത്തേണ്ടിയിരുന്ന 23 സർവീസുകൾ അബുദാബി, റാസൽഖൈമ തുടങ്ങിയ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായും ദുബായ് വിമാനത്താവളത്തിലെ വക്താവ് അറിയിച്ചു. മൂടൽമഞ്ഞ് കനത്തതോടെ ദൂരക്കാഴ്ച കുറഞ്ഞത് വിമാനങ്ങളുടെ ലാൻഡിങ്ങിനെയും ടേക്ക് ഓഫിനെയും കാര്യമായി ബാധിച്ചു. പ്രതിസന്ധി പരിഹരിച്ച് സർവീസുകൾ സാധാരണ നിലയിലാക്കാൻ വിമാനക്കമ്പനികളുമായും മറ്റ് സേവനപങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് തടസ്സപ്പെട്ട ഷാർജ വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനനാരംഭിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറ് സർവീസുകൾ റദ്ദാക്കിയിരുന്നു. ഷാർജയിലേക്ക് എത്തേണ്ടിയിരുന്നതും ഷാർജയിൽനിന്നും പുറപ്പെടേണ്ടിയിരുന്നതുമായ 21 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ സമയം മാറ്റുകയോ ചെയ്തു.
കനത്ത മഞ്ഞിനൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടത് ദൂരക്കാഴ്ചയെ സാരമായി ബാധിച്ചിരുന്നു. നിലവിൽ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനം തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുടെ ആപ്പുകൾ വഴിയോ വെബ്‌സൈറ്റ് വഴിയോ വിമാനത്തിന്റെ നിലവിലെ സമയം ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Content Highlights: uae news
Published: 10 Feb 2026, 09:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented