ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ രണ്ടാംവാരം ആരംഭിച്ച് ക്രിസ്മമസിനു മുന്‍പായി സമാപിക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് അവസാനിച്ചശേഷം, ദിവസങ്ങള്‍ക്കുള്ളിൽ സമ്മേളനം ആരംഭിക്കും.

To advertise here,

ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്കു പകരം പുതിയ മൂന്നു നിയമങ്ങള്‍ കൊണ്ടുവരുന്ന ബില്‍ ഈ സമ്മേളനത്തില്‍ പരിഗണിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച മൂന്നു റിപ്പോര്‍ട്ടുകളും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി  ഈയടുത്ത് അംഗീകരിച്ചിരുന്നു. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്ലാണ് പരിഗണിക്കാനുള്ള മറ്റൊന്ന്. പ്രതിപക്ഷത്തിന്റെയും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ ബില്ല് പിന്നീട് പ്രത്യേക സമ്മേളനത്തില്‍ പരിഗണിച്ചിരുന്നില്ല. 

സാധാരണയായി ശൈത്യകാല സമ്മേളനം നവംബര്‍ മൂന്നാമത്തെ ആഴ്ച ആരംഭിച്ച് ഡിസംബര്‍ 25നു മുന്‍പ് സമാപിക്കുകയാണ് പതിവ്.