ചെന്നൈ: ഹിന്ദി സംസാരിക്കുന്നവര്‍ പാനി പൂരി വില്‍ക്കുകയാണെന്ന പരിഹാസവുമായി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി. ഹിന്ദി ഭാഷയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന വാദം തെറ്റാണെന്നും ഹിന്ദി സംസാരിക്കുന്നവര്‍ പാനി പൂരി കച്ചവടം നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെയുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിഷേധനിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നതായി മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് ദ്വിഭാഷ ഫോര്‍മുല സര്‍ക്കാര്‍ തുടരുമെന്നും ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊന്‍മുടി വ്യക്തമാക്കി. 

To advertise here,

'ഹിന്ദി പഠിച്ചാല്‍ ജോലി ലഭിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ഹിന്ദി പഠിച്ചുവെന്ന് കരുതി നിങ്ങള്‍ക്ക് ജോലി കിട്ടുമോ? ഒന്ന് കോയമ്പത്തൂര്‍ വരെ ചെന്ന് നോക്കൂ. ഹിന്ദിക്കാര്‍ അവിടെ പാനി പൂരി വില്‍ക്കുകയാണ്. അവര്‍ പാനി പൂരി കടകള്‍ നടത്തുകയാണ്' -  ഭാരതിയാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൊന്‍മുടി. തമിഴ്‌നാടിന് സ്വന്തമായൊരു രീതി ആവശ്യമാണെന്നും സംസ്ഥാനത്ത് പ്രചാരത്തിലുള്ള തമിഴും അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷും ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് തനതായ ഒരു വിദ്യാഭ്യാസരീതിയുണ്ടെന്നും മെച്ചപ്പെട്ട പുതിയ വിദ്യാഭ്യാസ നയങ്ങള്‍ കൂടി ഇപ്പോള്‍ പിന്തുടരുന്നുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം ചടങ്ങില്‍ സന്നിഹിതനായിരുന്ന ഭാരതിയാര്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിഷേധിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നുവെന്ന വാദം ശരിയല്ലെന്നും ഒരു ഭാഷയും പഠിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തമിഴ്‌നാടിന്റെ വികാരം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടി പ്രതികരിച്ചു. 

ഹിന്ദിഭാഷാപഠനം പ്രോത്സാഹിപ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി അമിത്ഷാ, നടന്‍ അക്ഷയ് കുമാര്‍ എന്നിവരുടെ പ്രതികരണം വന്നതിനെ തുടര്‍ന്ന് ഭാഷാവിഷയം ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.