ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാന്‍ ഷായെ വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷം. ഓപ്പറേഷന്‍ മഹാദേവ് എന്ന ദൗത്യത്തില്‍ സുലൈമാന്‍ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെയാണ് സൈന്യം വധിച്ചത്. 

To advertise here,

ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങള്‍ വ്യക്തമായി. ഭീകരവാദികള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ (വാക്കി ടോക്കി) ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ്  സുരക്ഷാസേനയ്ക്ക് ലഭിച്ചത്. 

സാധാരണ റേഡിയോ സന്ദേശങ്ങള്‍ പോലെ ഇവ ചോര്‍ത്തിയെടുക്കാനാകില്ല. ഇവ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയിട്ടാണ് ഒരു സിസ്റ്റത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോവുക. എന്നാല്‍ ഈ ഫ്രീക്വന്‍സിയിലുള്ള ആശയവിനിമയം നടന്നുവെന്നതിന്റെ ഇലക്ട്രോണിക് മാപ്പിങ് കണ്ടെത്താനാകും. അങ്ങനെയാണ് ഭികരവാദികള്‍ ദാചീഗാം വനമേഖലയിലുണ്ടെന്ന് കണ്ടെത്തിയത്. 

ഈ വിവരങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാസേന ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് ഓപ്പറേഷന് തുടക്കം കുറിച്ചത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള ഭീകരവിരുദ്ധ നടപടിക്ക് അങ്ങനെ ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരുമിട്ടു. ഏതാണ്ട് 14 ദിവസത്തോളമായി ഈ ഭീകരവാദികള്‍ക്ക് പിന്നാലെയായിരുന്നു സുരക്ഷാസേന. 

സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടി തുടങ്ങിയത്. വനമേഖലയില്‍ പോരാട്ടം നടത്താനുള്ള ഗറില്ലാ യുദ്ധമുറകളില്‍ പരിശീലനം ലഭിച്ചവരായിരുന്നു ഭീകരവാദികളെന്നാണ് സുരക്ഷാസേന പറയുന്നത്.  

സൈനിക നടപടിയിലൂടെ വധിച്ച മൂന്ന് പേരും പാക് ഭീകരവാദികളാണ്. ഇവരില്‍നിന്ന് എകെ-47, യുഎസ് നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇത്രവലിയ ആയുധശേഖരം കാണിക്കുന്നത്‌ ഇവര്‍ മറ്റൊരു വലിയ ആക്രമണത്തിന്റെ തയ്യാറെടുപ്പിലായിരുന്നു എന്നാണ്‌.