ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി നടത്തിയ ധനസമാഹരണത്തില്‍ ലഭിച്ചത് 15,000 വണ്ടിച്ചെക്കുകള്‍. ധനസമാഹരണം നടത്തിയ വിഎച്ച്പി അടക്കമുള്ള വിവിധ സംഘടനകള്‍ക്ക് ലഭിച്ച ചെക്കുകളില്‍ 22 കോടി രൂപയുടെ ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

രാമക്ഷേത്ര നിര്‍മാണത്തിനായി രൂപവത്കരിച്ച 'ശ്രീരാമ ജന്മഭൂമി  തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്' നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോര്‍ട്ട് പറയുന്നു. അക്കൗണ്ടില്‍ പണമില്ലാത്തത് കൂടാതെ സാങ്കേതി പിഴവുകള്‍, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങള്‍ മൂലവും ചെക്കുകള്‍ മടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മടങ്ങിയ 15,000 ചെക്കുകളില്‍ 2,000 എണ്ണം അയോധ്യയില്‍നിന്നുതന്നെ ലഭിച്ചവയാണെന്ന് ട്രസ്റ്റിന്റെ ഖജാന്‍ജി സ്വാമി ഗോവിന്ദേവ് ഗിരി പറഞ്ഞു. ബാക്കിയുള്ള 13,000 ചെക്കുകള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ലഭിച്ചവയാണ്. മടങ്ങിയ ചെക്കുകള്‍ തന്നവര്‍ക്ക് തന്നെ തിരികെനല്‍കുമെന്നും പിഴവുകള്‍ തിരുത്താന്‍ അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് അധികൃതരുമായി ചേര്‍ന്ന് ചെക്കുകളിലെ പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു. ചെക്കിലെ പിഴവുകള്‍ തിരുത്തുന്നതിന് വ്യക്തികള്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയാണ് ക്ഷേത്രനിര്‍മാണത്തിന് രാജ്യവ്യാപകമായ ധനസമാഹരണം നടത്തിയത്. രാജ്യത്തെമ്പാടുനിന്നുമായി 2,500 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുക സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlights: Over 15,000 cheques worth Rs 22 crore received for Ram temple in Ayodhya bounce