ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പുതിയ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നു. കോൺഗ്രസ് മുൻകൈയെടുത്ത് കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ മുന്നണിയിലെ കക്ഷികൾ പിന്തുണയ്ക്കാൻ ധാരണയായതായാണ് വിവരം.

To advertise here,

പ്രമേയത്തിനുള്ള നോട്ടീസ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണർമാരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ നീക്കം.

വോട്ടർ പട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾക്കും ഉത്തരവുകൾക്കും എതിരേ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടയിൽ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിർപ്പുകൾ ഉന്നയിച്ചിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപക്ഷം നേരത്തെ തന്നെ ആശങ്കകൾ ഉന്നയിച്ചുകൊണ്ടിരിക്കെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങൾ നിഷേധിച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും ഐകകണ്‌ഠ്യേനയാണ് വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള തീരുമാനങ്ങളെല്ലാം കൈക്കൊണ്ടതെന്നും കമ്മിഷൻ അറിയിച്ചു.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഇതാദ്യമല്ല. നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ വർഷം ഏപ്രിലിൽ പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും നോട്ടീസ് തള്ളി.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള അംഗ ബലം പ്രതിപക്ഷത്തിന് ഇല്ലെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പദവിയിൽ അദ്ദേഹം ഇരിക്കുന്നതിൽ പ്രതിപക്ഷത്തിനുള്ള അവിശ്വാസം പ്രകടമാക്കാൻ ഇതിലൂടെ കഴിയും.