
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ കൊടുംകാടുകളിലും പർവ്വതനിരകളിലും ഇന്ത്യൻ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ ത്രാഷി-1' വൻ വിജയം. 326 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ പാകിസ്താൻ പരിശീലനം ലഭിച്ച ഏഴ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ദുർഘടമായ ഭൂപ്രകൃതിയും നിബിഡ വനങ്ങളും നിറഞ്ഞ ഛാത്രു മേഖലയിലായിരുന്നു ഓപ്പറേഷൻ. റോഡുകളോ സമതലങ്ങളോ ഇല്ലാത്ത ഈ മലനിരകളിൽ ഏകദേശം ഒരു വർഷത്തോളമാണ് സൈന്യം നിലയുറപ്പിച്ചത്. കഠിനമായ ശൈത്യത്തെയും മഴയെയും മഞ്ഞിനെയും അവഗണിച്ച് സൈനികർ അവിടെത്തന്നെ തുടർന്നു. ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടക്കുമ്പോഴും കാടുകളിലേക്ക് ഓടി മറഞ്ഞിരുന്ന ഭീകരരെ പിടികൂടാൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യം സഹായിച്ചു.
ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ മുഖമായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നതാണ് ഈ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടം. 2016ൽ വധിക്കപ്പെട്ട ബുർഹാൻ വാനിയെപ്പോലെ കശ്മീർ താഴ്വരയിൽ അശാന്തി പടർത്താൻ ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു സൈഫുള്ള. പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും കൃത്യമായ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങളും സൈന്യത്തിന് ഈ വിജയത്തിൽ നിർണ്ണായകമായി.
അത്യാധുനിക യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും ഈ ദൗത്യത്തിൽ സൈന്യം ഫലപ്രദമായി ഉപയോഗിച്ചു. എഫ്.പി.വി ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ, സാറ്റലൈറ്റ് ഇമേജറി എന്നിവ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കൂടാതെ, ഏറ്റവും സുരക്ഷിതമായ ആശയവിനിമയ ശൃംഖലകൾ സൈനികരെ എല്ലാ സാഹചര്യങ്ങളിലും പരസ്പരം ബന്ധിപ്പിക്കാനും ദൗത്യം ഏകോപിപ്പിക്കാനും സഹായിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സാണ് ഈ ദുർഘടമായ ദൗത്യത്തിന് നേതൃത്വം നൽകിയത്. സൈന്യം, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവരുടെ മികച്ച ഏകോപനമാണ് വിജയത്തിന് പിന്നിലുണ്ടായിരുന്നത്. "ഭീകര ശൃംഖലയ്ക്ക് കനത്ത ആഘാതം. ഞങ്ങൾ സേവിക്കുന്നു, ഞങ്ങൾ സംരക്ഷിക്കുന്നു..." എന്ന് ദൗത്യത്തിന് ശേഷം വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ കുറിച്ചു.
Content Highlights: Discover `Operation Trashi-1,` a 326-day mission by Indian forces in J&K that showcased courage, eliminated Pakistani terrorists, and crippled terror networks.
Published: 23 Feb 2026, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented