
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത 'ഓപ്പറേഷന് അജയ്' ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്.ഡി വിദ്യാര്‍ഥികളായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറംകുന്നത്ത്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകരായ തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന് നായര്‍, ഭാര്യ രസിത ടി.പി, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു എന്നിവരാണ് പ്രത്യേക വിമാനത്തിലെത്തിയ മലയാളികള്‍. വിസ്താര വിമാനത്തില്‍ ഇവര്‍ വെള്ളിയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും.
പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. അവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നത്.
ഒഴിപ്പിക്കലല്ല, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാനാണ് പ്രത്യേക വിമാനസര്‍വീസ്. ഒരു ഡസനോളം ഇന്ത്യക്കാര്‍ വെസ്റ്റ് ബാങ്കിലും മൂന്നോ നാലോ പേര് ഗാസയിലുമുണ്ടെന്നാണ് കരുതുന്നത്. ആവശ്യപ്പെട്ടാല്‍ അവിടെയും സഹായമെത്തിക്കും. നിലവില്‍ അവിടെനിന്ന് സഹായാഭ്യര്‍ഥനകള്‍ വന്നിട്ടില്ല. ഇസ്രയേലില്‍നിന്നാണ് കൂടുതല്‍ സഹായാഭ്യര്‍ഥനകള്‍. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമായാല്‍ അറിയിക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
ഓപ്പറേഷന് അജയ്

ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ താത്പര്യമുണ്ടെങ്കില്‍ സഹായത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദൗത്യമാണ് ഓപ്പറേഷന് അജയ്. ഇതിനായി ആദ്യ ഘട്ടത്തില്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളായിരിക്കും അയക്കുക. ആവശ്യമെങ്കില്‍ നാവികസേനയുടെ കപ്പലുകളും അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ക്കായി രജിസ്റ്റര്‍ചെയ്തവരെ ഇ-മെയില്‍ മുഖേന വിവരങ്ങളറിയിക്കുന്നുണ്ട്.
Content Highlights: Operation Ajay Hamas - Israel conflict flight from Israel lands Delhi
Published: 13 Oct 2023, 06:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented