ശ്രീനഗർ: തന്റെ സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമിക്കുന്നെന്ന ഗുരുതര ആരോപണവുമായി കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഒമർ അബ്ദുള്ള. നാഷണൽ കോൺഫറൻസിനെ പിളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി എംഎൽഎമാർക്ക് പണവും മന്ത്രിപദങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പണവും അധികാരവും നൽകാമെന്ന് പറഞ്ഞിട്ടും എംഎൽഎമാർ ഒപ്പംകൂടാത്തതിനെ തുടർന്ന് ഇപ്പോൾ ജമ്മുകശ്മീരിന് സംസ്ഥാനപദവി തിരികെ നൽകാമെന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്നും ഒമർ ആരോപിച്ചു. മുത്തശ്ശി അക്ബർ ജഹാന്റെ 26-ാമത് ചരമവാർഷികത്തിൽ ഹസ്രത്ബലിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാഷണൽ കോൺഫറൻസിനെ പിളർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പണവും മന്ത്രിപദ വാഗ്ദാനവും ഫലംകാണാതെ വന്നതോടെ, ഞങ്ങൾക്കൊപ്പം വരൂ, നിങ്ങൾക്ക് സംസ്ഥാനപദവി നൽകാമെന്ന് ബിജെപി എന്റെ എംഎൽഎമാരോട് പറയുകയാണ്, ഒമർ ആരോപിച്ചു. 20-30 കോടി രൂപയും മന്ത്രിപദവും സംസ്ഥാനപദവിയും നൽകാമെന്ന വാഗ്ദാനം ലഭിച്ചുവെന്ന് ജമ്മുവിൽനിന്നുള്ള ഒരു എംഎൽഎ പറഞ്ഞതായും ഒമർ കൂട്ടിച്ചേർത്തു. സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ബിജെപി ഭാരവാഹിയാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിൻവാതിലിലൂടെ ജമ്മു കശ്മീരിൽ അധികാരത്തിലെത്താനാകില്ലെന്നും ഒമർ അബ്ദുള്ള ബിജെപിയോടായി പറഞ്ഞു. അതേസമയം, ബിജെപി ഇതുവരെ ഒമറിന്റെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
Content Highlights: Omar Abdullah alleges BJP is trying to split the National Conference., Claims of 20-30 crore rupees and ministerial berths offered to MLAs., BJP accused of using statehood promise as a political tool., Allegations made during the 26th death anniversary of Akbar Jahan.
Published: 11 Jul 2026, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented