ചെന്നൈ: എടപ്പാടി പളനിസ്വാമി അണ്ണാ ഡിഎംകെയിലേക്കുള്ള വാതിലടച്ചതോടെ മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം വീണ്ടും അനിശ്ചിതത്വത്തിൽ. എൻഡിഎയിൽ തിരിച്ചെത്താൻ പനീർശെൽവത്തോട് ബിജെപി നേതൃത്വം നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമി തടസ്സം നിൽക്കുകയാണ്.

To advertise here,

ഈ സാഹചര്യത്തിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി(ടിവികെ) സഖ്യമുണ്ടാക്കുകയോ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യസഖ്യത്തിന്റെ ഭാഗമാവുകയോ മാത്രമാണ് പനീർശെൽവത്തിനു മുന്നിലുള്ള നിലവിലെ പോംവഴി. ഇക്കാര്യം പനീർശെൽവം മുൻമന്ത്രിമാർ ഉൾപ്പെടെയുള്ള തന്റെ അനുയായികളുമായി ചർച്ച ചെയ്യുന്നുണ്ട്. ഇതിൽ ഒരു വിഭാഗം ടിവികെയിൽ ചേരാൻ നിർദേശിക്കുമ്പോൾ മറ്റൊരു വിഭാഗം നേതാക്കൾ ഡിഎംകെയോടു ചേരുന്നതിനോടാണ് താത്‌പര്യം കാട്ടുന്നത്.

നേരത്തേ എൻഡിഎയിൽനിന്ന് തിക്താനുഭവമുണ്ടായ സ്ഥിതിക്ക് ഇനി അങ്ങോട്ടു പോകേണ്ടെന്നാണ് പനീർശെൽവത്തിനു നൽകിയ ഉപദേശം. ജനുവരി 14-ന് തന്റെ ജന്മദിനത്തിൽ പനീർശെൽവം വ്യക്തമായ നിലപാട് പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായിരുന്ന പനീർശെൽവം രാമനാഥപുരത്ത് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പിന്നീട് ബിജെപി നേതൃത്വവുമായി പിണങ്ങി എൻഡിഎ വിട്ടു. അണ്ണാ ഡിഎംകെയിൽ തിരിച്ചെത്താൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പളനിസ്വാമി വിസമ്മതിച്ചു. ഇതേത്തുടർന്ന് അണ്ണാ ഡിഎംകെയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുത്ത് ഐക്യം പുനഃസ്ഥാപിക്കാനായി പനീർശെൽവം ഒരു സമിതിയുണ്ടാക്കുകയും പളനിസ്വാമിക്കു മുന്നിൽ ഒരു സമയപരിധി നിശ്ചയിക്കുകയും ചെയ്തു. പക്ഷേ, എന്നിട്ടും പളനിസ്വാമിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ല. അതിനിടയിൽ പനീർശെൽവം പുതിയ പാർട്ടിയുണ്ടാക്കുമെന്ന് അഭ്യൂഹം ശക്തമായി. എന്നാൽ, അദ്ദേഹം പിന്നീട് ഇത് നിഷേധിച്ചു.