ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി. കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണ് സഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതെന്നും സോണിയ ഒരുപക്ഷേ അത് ശ്രദ്ധിക്കുന്നുണ്ടാവില്ലെന്നും അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു.
'കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണ് സമ്മേളനം വിളിച്ചുകൂട്ടുന്നത്. നിങ്ങള്‍ ഒരുപക്ഷേ അത് ശ്രദ്ധിക്കുന്നുണ്ടാവില്ല. സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി ഒരുസര്‍ക്കാരുകളും ഒന്നും ചര്‍ച്ച ചെയ്യാറില്ല. രാഷ്ട്രപതി സഭാ സമ്മേളനം വിളിച്ചശേഷം സമ്മേളനം ചേരുന്നതിന് മുമ്പായി ചേരുന്ന പര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ മുമ്പും ചെയ്തിരുന്നത് ഇങ്ങനെയാണെന്ന് സോണിയയെ ഓര്‍മിപ്പിക്കുന്നു' - പ്രഹ്ലാദ് ജോഷി പറഞ്ഞു.
സമ്മേളനത്തിന് മുമ്പ് അജണ്ട പുറത്തുവിടുന്ന കീഴ്‌വഴക്കമില്ല. ഒരുസര്‍ക്കാരുകളും അങ്ങനെ ചെയ്തിട്ടില്ല. ആവശ്യമില്ലാതെ വിവാദം സൃഷ്ടിക്കാന്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ മറ്റൊരു തീവ്രശ്രമമാണിത്. സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഈ ശ്രമം നിരാശാജനകമാണെന്നും പ്രഹ്ലാദ് ജോഷി വിമര്‍ശിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചകളുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും എന്താണ് സമ്മേളനത്തിലെ അജണ്ട എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണിയ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക നില, അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്, തൊഴിലില്ലായ്മ, അദാനി വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലില്‍ ജെ.പി.സി. അന്വേഷണം, മണിപ്പൂരിലെ പ്രതിസന്ധി, ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം, ലഡാക്ക് അരുണാചല്‍ പ്രദേശ് മേഖലയില്‍ ചൈനയുടെ അതിര്‍ത്തി കൈയേറ്റം തുടങ്ങിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി സമ്മേളനത്തില്‍ ചര്‍ച്ചയാക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Not Paying Attention: Centre Mocks Sonia Gandhi Over Her Letter To PM
Published: 06 Sept 2023, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented