
ലഖ്നൗ: നോയിഡയിൽ തിങ്കളാഴ്ച വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന തൊഴിലാളി സമരം അക്രമാസക്തമായ സംഘർഷത്തിലേക്ക് വഴിമാറിയതിന് പിന്നിൽ പാക് ഗൂഢാലോചനയെന്ന് ഉത്തർപ്രേദേശ് മന്ത്രി. അക്രമത്തിൽ പാക് ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നതായി തൊഴിൽ മന്ത്രി അനിൽ രാജ്ഭർ വെളിപ്പെടുത്തി.
ഈ പ്രതിഷേധം ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു. അടുത്തിടെ മീററ്റിൽ നിന്നും നോയിഡയിൽ നിന്നും പാകിസ്താനുമായി ബന്ധമുള്ള നാല് ഭീകരവാദികളെ പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കാൻ പാക് ഹാൻഡ്ലർമാർ ശ്രമിച്ചിട്ടുണ്ടോ എന്ന് ഏജൻസികൾ ഗൗരവമായി അന്വേഷിച്ചുവരികയാണ്.
മുസാഫർനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താൻ രാജ്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കമാണിതെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളിലും പ്രകോപനങ്ങളിലും വീഴരുതെന്നും തൊഴിലാളികളുടെ എല്ലാ പരാതികളും കേൾക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാണ സർക്കാർ വേതനം വർദ്ധിപ്പിച്ചതിനെത്തുടർന്ന് തങ്ങൾക്കും വേതന വർദ്ധനവ് വേണമെന്നാവശ്യപ്പെട്ട് 40,000-ത്തോളം ഫാക്ടറി തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. നഗരത്തിലെ 80-ഓളം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടുന്നതിലേക്കും വാഹനങ്ങൾക്കും വസ്തുവകകൾക്കും തീയിടുന്നതിലേക്കും കല്ലേറിലേക്കും നയിച്ചു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരത്തോടെ 300-ലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. തീവെപ്പിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമെ നൂറിലധികം പേരെ ചോദ്യം ചെയ്യാനായി തടഞ്ഞുവെച്ചിട്ടുണ്ട്. ഫാക്ടറികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
തൊഴിലാളികൾ സമാധാനപരമായി പിരിഞ്ഞുപോയതിന് ശേഷം പുറത്തുനിന്നുള്ള ചില സംഘങ്ങളാണ് സംഘർഷം അഴിച്ചുവിട്ടതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിങ് പറഞ്ഞു. ജില്ലയുടെ അതിർത്തി പങ്കിടുന്ന അയൽപ്രദേശങ്ങളിൽ നിന്നെത്തിയ ഇവർ ജനങ്ങളെ പ്രകോപിപ്പിക്കാനും അക്രമം നടത്താനും ശ്രമിച്ചു. ഇത്തരത്തിൽ എത്തിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ച ബാക്കിയുള്ളവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.നോയിഡയിലെ സംഘർഷത്തിന് പിന്നിൽ അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാണ സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനം 35 ശതമാനം വർദ്ധിപ്പിച്ചതാണ് നോയിഡയിലെ തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തങ്ങൾക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും നിലവിലെ തൊഴിൽ സാഹചര്യങ്ങൾ മോശമാണെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. 12 മണിക്കൂർ ജോലി ചെയ്തിട്ടും 11,000 രൂപ മുതൽ 15,000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്ന് ഒരു പ്രതിഷേധക്കാരൻ പറഞ്ഞു. ഇത് ചുരുങ്ങിയത് 20,000 മുതൽ 25,000 രൂപ വരെയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംഘർഷത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാർ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ ഇടക്കാല വർദ്ധനവ് പ്രഖ്യാപിച്ചു. നോയിഡയും ഗാസിയാബാദും ഉൾപ്പെടുന്ന മേഖലകളിൽ അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,690 രൂപയായും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 15,059 രൂപയായും, വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,868 രൂപയായും വർദ്ധിപ്പിച്ചു.
മുനിസിപ്പൽ കോർപ്പറേഷനുകളുള്ള മറ്റ് നഗരങ്ങളിൽ, അവിദഗ്ധ തൊഴിലാളികളുടെ വേതനം 11,313 രൂപയിൽ നിന്ന് 13,006 രൂപയായും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയിൽ നിന്ന് 14,306 രൂപയായും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയിൽ നിന്ന് 16,025 രൂപയായും വർദ്ധിച്ചു. മറ്റ് ജില്ലകളിൽ അവിദഗ്ധ തൊഴിലാളികൾക്ക് 11,313 രൂപയ്ക്ക് പകരം 12,356 രൂപയും അർദ്ധ-വിദഗ്ധ തൊഴിലാളികൾക്ക് 12,445 രൂപയ്ക്ക് പകരം 13,591 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 13,940 രൂപയ്ക്ക് പകരം 15,224 രൂപയും ലഭിക്കും.
ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർദ്ധനവ് നിലവിൽ വരും. നിലവിൽ നോയിഡയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, തൊഴിലാളികളുടെ മിനിമം വേതനം മാസം 20,000 രൂപയായി നിശ്ചയിച്ചെന്ന സോഷ്യൽ മീഡിയ വാർത്തകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് സർക്കാർ പറഞ്ഞു.
Content Highlights: Over 300 arrested after Noida factory protests turn violent over wage hikes.
Published: 14 Apr 2026, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented