ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് എതിരായ കേസ് പരിഗണിക്കുന്ന ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും എൻ‌ഐ‌എ കോടതിയെ അറിയിച്ചു.

To advertise here,

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് എൻഐഎയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി കോടതിയെ അറിയിച്ചു. ഇന്ത്യ പാകിസ്താനുമായി യുദ്ധത്തിനിറങ്ങിയാൽ ശ്രദ്ധ വടക്കൻ പ്രദേശത്തായിരിക്കുമെന്നും ആ സമയത്ത് തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കുമെന്ന് പി‌എഫ്‌ഐ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നുവെന്ന് ഒരു സംരക്ഷിത സാക്ഷി മൊഴി നൽകിയിട്ടുണ്ടെന്നും എൻഐഎയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന പ്രചാരണം നടത്തി പോപ്പുലർ ഫ്രണ്ട് ഹിന്ദുക്കൾക്കെതിരെ ശത്രുതയും വിദ്വേഷവും വളർത്തുകയായിരുന്നു. അത്തരം പ്രചാരണത്തിന് വഴങ്ങുന്ന മുസ്ലീം യുവാക്കളെ തിരിച്ചറിയുകയും ജിഹാദിൽ പങ്കെടുക്കുന്നതിന് അവരെ തീവ്രവാദികളാക്കുകയും ചെയ്തുവെന്നും എൻഐഎയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഐ‌എസിൽ ചേരാനും ഇന്ത്യയിൽ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കാനും പി‌എഫ്‌ഐ അംഗങ്ങളെ പ്രേരിപ്പിച്ചു എന്നും എൻഐഎ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം ബോംബ് നിർമ്മാണം, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള വസ്തുക്കൾ അടങ്ങിയ രേഖകൾ, കൈയിൽ പിടിക്കാവുന്ന മറൈൻ റേഡിയോ സെറ്റുകൾ, ഐഎസ് അനുകൂല വീഡിയോകൾ ഉള്ള പെൻ ഡ്രൈവുകൾ, വെടിമരുന്ന്, ആയുധങ്ങൾ എന്നിവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.