ന്യൂഡൽഹി: മ്യാന്മറിലെ വംശീയ സായുധ സംഘങ്ങൾക്ക് ഡ്രോൺ പരിശീലനം നൽകിയെന്ന കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ മാത്യു ആരൺ വാൻഡൈക്കിനും ആറ് യുക്രെയ്ൻ പൗരന്മാർക്കും താൽക്കാലികമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ഡൽഹിയിലെ പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകി. കേസിൽ ആറു മാസത്തോളമായി തടവിൽ കഴിയുന്ന പ്രതികൾക്ക് ഒരു മാസത്തെ കാലാവധിയിലാണ് വിദേശയാത്രയ്ക്കുള്ള ഇളവ് നൽകിയിട്ടുള്ളത്. എൻ.ഐ.എ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ യു.എ.പി.എ. വകുപ്പുകൾ ഒഴിവാക്കി, ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾമാത്രം ഉൾപ്പെടുത്തിയതാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിനും തുടർന്ന് യാത്രാനുമതിക്കും വഴിയൊരുക്കിയത്.
മാർച്ച് 13-നാണ് മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2025 ഡിസംബറിൽ ഇന്ത്യയിലെത്തിയ ഇവർ പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റോ റെസ്ട്രിക്റ്റഡ് ഏരിയ പെർമിറ്റോ ഇല്ലാതെ മിസോറാമിലേക്ക് യാത്ര ചെയ്യുകയും തുടർന്ന് അതിർത്തി കടന്ന് മ്യാന്മറിലെ വിക്ടോറിയ ക്യാമ്പിൽ എത്തുകയും ചെയ്തുവെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. അവിടെവെച്ച് മ്യാന്മർ സംഘങ്ങൾക്ക് ഡ്രോൺ, ഡ്രോൺ യുദ്ധമുറകൾ, ഡ്രോൺ അസംബ്ലിങ്, ജാമിങ് സാങ്കേതികവിദ്യകൾ എന്നിവയിൽ പരിശീലനം നൽകാൻ ലക്ഷ്യമിട്ടിരുന്നതായും ഈ സംഘങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും എൻ.ഐ.എ ആരോപിച്ചിരുന്നു.
ഭീകരപ്രവർത്തനത്തിനുള്ള ഗൂഢാലോചന കൈകാര്യം ചെയ്യുന്ന യു.എ.പി.എ സെക്ഷൻ 18 പ്രകാരമാണ് വാൻഡൈക്കിനെ ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ, 180 ദിവസത്തെ അന്വേഷണ കാലാവധി അവസാനിച്ച സെപ്റ്റംബർ എട്ടിന് എൻ.ഐ.എ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ 2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിന്റെ 21, 23 വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. യു.എ.പി.എ പ്രകാരമുള്ള അന്വേഷണം തുടരുമെന്ന് വ്യക്തമാക്കിയെങ്കിലും പ്രാരംഭ കുറ്റപത്രത്തിൽ ഈ വകുപ്പുകൾ ഉൾപ്പെടുത്താത്തത് പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അവകാശം നൽകുന്ന സാഹചര്യമുണ്ടാക്കി.
നിയമപരമായ അന്വേഷണ കാലാവധിക്കുള്ളിൽ യു.എ.പി.എ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് സെപ്റ്റംബർ 18-ന് പ്രത്യേക കോടതി വാൻഡൈക്കിന് ജാമ്യം അനുവദിക്കുകയും, പിന്നീട് മറ്റ് ആറ് യുക്രെയ്ൻ സ്വദേശികൾക്കും സമാനമായ ആശ്വാസം നൽകുകയുമായിരുന്നു. സ്വാഭാവിക ജാമ്യം ലഭിച്ചത് കേസിൽ നിന്നുള്ള മോചനമോ കുറ്റവിമുക്തമാക്കലോ അല്ലെന്നും എൻ.ഐ.എക്ക് യു.എ.പി.എ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. എന്നിരുന്നാലും, യു.എ.പി.എ അന്വേഷണം നിലനിൽക്കുന്നു എന്ന കാരണത്താൽമാത്രം പ്രതികളെ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് വിദേശയാത്രയ്ക്കുള്ള അവകാശമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി യാത്രാനുമതി നൽകിയത്. വിമാനത്തിൽ കയറുന്ന തീയതി മുതൽ ഒരു മാസത്തേക്ക് വാൻഡൈക്കിന് അമേരിക്കയിലേക്കും യുക്രെയ്ൻ പൗരന്മാർക്ക് യുക്രെയ്നിലേക്കും യാത്ര ചെയ്യാം. എന്നാൽ യാത്രയ്ക്ക് കർശനമായ വ്യവസ്ഥകൾ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി 72 മണിക്കൂറിനകം കോടതിയെ അറിയിക്കണം, 24 മണിക്കൂറിനകം മേൽവിലാസവും ഫോൺ നമ്പറും എൻ.ഐ.എയ്ക്ക് കൈമാറണം, കൂടാതെ വീഡിയോ കോൺഫറൻസിങ് വഴിയോ നേരിട്ടോ അന്വേഷണവുമായി സഹകരിക്കണം എന്നിവയാണ് പ്രധാന ഉപാധികൾ.
കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി കോൺഗ്രസ് രംഗത്തെത്തി. കേസിൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സർക്കാർ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഭീകര ഗൂഢാലോചനക്കേസിൽ എൻ.ഐ.എ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയതിന് പിന്നിൽ അമേരിക്കയുടെ സമ്മർദ്ദമാണെന്നും ഇതിന് പകരമായി ഇന്ത്യയ്ക്ക് എന്താണ് ലഭിച്ചതെന്നും രാജ്യസഭാ എം.പി ജയ്റാം രമേശ് ചോദിച്ചു.
സുരക്ഷാ പെർമിറ്റുകളൊന്നുമില്ലാതെ വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ ലഭിച്ചതും മിസോറാം വഴി മ്യാന്മറിലേക്ക് കടക്കാൻ കഴിഞ്ഞതും വലിയ വീഴ്ചയാണെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കാനും സഞ്ചരിക്കാനും എങ്ങനെ അനുമതി ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിഷയത്തിൽ വിദേശ നയത്തെയും ആഭ്യന്തര സുരക്ഷയെയും രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര, അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങണിയിച്ച് സൈനിക വിമാനങ്ങളിൽ തിരിച്ചയച്ച സംഭവം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ ആയുധ പരിശീലന കേസിൽ പിടിയിലായ അമേരിക്കൻ പൗരന് ഇത്രയും എളുപ്പത്തിൽ മാതൃരാജ്യത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Published: 25 Sept 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented