ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദച്ചിഗാമില്‍ ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് പഹല്‍ഗാം ഭീകരരും പാകിസ്താന്‍ പൗരന്മാരും ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പ്രവര്‍ത്തകരുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. പഹല്‍ഗാം ആക്രമണം നടന്ന ദിവസം മുതല്‍ ഈ ഭീകരര്‍ ദച്ചിഗാം-ഹര്‍വാന്‍ വനമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.  വെടിവെപ്പ് സംഘത്തില്‍ കശ്മീരില്‍ നിന്നുള്ള ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

സുലൈമാന്‍ ഷാ എന്ന ഫൈസല്‍ ജാട്ട്, അബു ഹംസ എന്ന 'അഫ്ഗാന്‍', യാസിര്‍ എന്ന 'ജിബ്രാന്‍' എന്നീ മൂന്ന് ഭീകരരെയാണ് ജൂലായ് 28-ന് ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാസേന വധിച്ചത്. ഇന്ത്യന്‍ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ പ്രകാരം ലഷ്‌കര്‍ കമാന്‍ഡറായ സുലൈമാന്‍ ഷാ ആണ് പഹല്‍ഗാം ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍. ഹംസയും യാസിറും ലഷ്‌കര്‍ കമാന്‍ഡര്‍മാരായിരുന്നു.

ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളും സ്മാര്‍ട്ട് ഐഡി ചിപ്പുകളും ഉള്‍പ്പെടെയുള്ള പാകിസ്താന്‍ സര്‍ക്കാര്‍ രേഖകളും കണ്ടെടുത്തു. ഇത് പാകിസ്താനുമായുള്ള ഇവരുടെ ബന്ധം ഉറപ്പിക്കുന്നതാണെന്ന് സുരക്ഷാസേന പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിനുപിന്നില്‍ പാകിസ്താനാണെന്ന് തുടക്കം മുതല്‍ ഇന്ത്യ ഉറപ്പോടെ ആരോപിക്കുമ്പോഴും രാജ്യത്തിനകത്തുനിന്നുള്‍പ്പെടെ എതിര്‍വാദങ്ങള്‍ ഉയര്‍ന്നിരുന്നു.