ഇംഫാല്‍: പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയ പ്രഭാതം മണിപ്പുരില്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും നാടാണ് മണിപ്പുര്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഈ മനോഹര പ്രദേശത്തിന് മുകളില്‍ അക്രമം അതിന്റെ നിഴല്‍വിരിച്ചു. കുറച്ചുമുന്‍പ്, ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും, പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയൊരു പ്രഭാതം മണിപ്പൂരില്‍ ഉദിച്ചുയരുകയാണെന്ന്, മോദി ചൂരാചാന്ദ്പുരില്‍ പറഞ്ഞു.  

To advertise here,

2023 മേയ്മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തിന്റെ മുറിവേറ്റ് നില്‍ക്കുന്ന മണിപ്പുരില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. മൂവായിരം കോടിയുടെ പ്രത്യേക പാക്കേജും താമസസ്ഥലം ഇല്ലാതായവര്‍ക്കുവേണ്ടി അഞ്ഞൂറുകോടിയും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

ഓരോ ഗോത്രസമൂഹത്തിന്റെയും വികസനം ഇന്ന് രാജ്യത്തിന് പ്രധാനമാണ്. ഗോത്രമേഖലയുടെ വികസനത്തിനായി, ഇതാദ്യമായി ധര്‍തി ആബാ ജന്‍ജാതീയ ഗ്രാം ഉത്കര്‍ഷന്‍ അഭിയാന്‍ നടപ്പാക്കുകയാണ്. സ്ത്രീശാക്തീകരണത്തെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമാണ് മണിപ്പൂരിന്റേത്. കേന്ദ്രസര്‍ക്കാരും സ്ത്രീശാക്തീകരണത്തില്‍ പ്രതിജ്ഞാബദ്ധമാണ്. മണിപ്പുരിന്റെ പെണ്‍മക്കള്‍ക്കുവേണ്ടി, ജോലിചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റലുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്, മോദി പറഞ്ഞു.

മണിപ്പൂരിനെ സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും വികസനത്തിന്റെയും പ്രതീകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം മുന്നോട്ടുപോകുന്നെന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും താമസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് അത് എത്രയും വേഗം ഒരുക്കിക്കൊടുക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍, മണിപ്പുര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.