ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകെട്ടുകളായി പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ ദുരൂഹത തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി (ഡി.എഫ്.എസ്) അതുല്‍ ഗാര്‍ഗ്. തീകെടുത്തുന്നതിനിടെ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാര്‍ഡ് ശനിയാഴ്ച വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജസ്റ്റിസ് വര്‍മയുടെ വസതിയിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ കെടുത്തുന്നതിനിടെ കെട്ടുകെട്ടുകളായി പണം കണ്ടെത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതിനുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ, ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നത് അന്വേഷണവുമായി ബന്ധപ്പെട്ട നടപടിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സ്ഥലംമാറ്റം സ്വതന്ത്രമായ നടപടിയാണെന്നും പണം കണ്ടെടുത്തുവെന്ന ആരോപണത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ഈ വിഷയത്തില്‍ ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗിന്റെ പരാമര്‍ശം പി.ടിഐ വാര്‍ത്താ ഏജന്‍സിയടക്കം റിപ്പോര്‍ട്ടുചെയ്തത്. ജസ്റ്റിസ് വര്‍മയുടെ വസതിയിലെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീകെടുത്തുന്നതിനിടെ പണമൊന്നും കണ്ടെത്തിയിട്ടില്ല എന്ന് അതുല്‍ ഗാര്‍ഗ് വ്യക്തമാക്കിയെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയടക്കം റിപ്പോര്‍ട്ടുചെയ്തത്. അഗ്നിശമന സേനാംഗങ്ങള്‍ 15 മിനിറ്റിനുള്ളില്‍ ജസ്റ്റിസ് വര്‍മയുടെ വസതിയിലെ തീകെടുത്തി. പണമൊന്നും കണ്ടെത്തിയില്ല. അതിനുശേഷം ഡല്‍ഹി പോലീസിനെ വിവരം അറിയിച്ചശേഷം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുനിന്ന് മടങ്ങി എന്ന് ഗാര്‍ഗ് പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ശനിയാഴ്ച രംഗത്തെത്തിയിട്ടുള്ളത്. തീ കെടുത്തുന്നതിനിടെ പണം കണ്ടെത്തിയിട്ടില്ലെന്ന് അഗ്നിശമന സേനാംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി താന്‍ ഒരു മാധ്യമ സ്ഥാപനത്തോടും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താങ്ങളുടെ പേര് ഉദ്ധരിച്ചുകൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ എങ്ങനെയാണ് പുറത്തുവന്നത് എന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് തന്റെ പരാമര്‍ശം സംബന്ധിച്ച വ്യക്തതവരുത്തിയ കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: never said no cash found says dfs chief on justice judge cash row
Published: 22 Mar 2025, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented