നവിമുംബൈ: തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസും മംഗലാപുരം സെൻട്രലിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസും വ്യാഴാഴ്ചമുതൽ ഒരുമാസം യാത്രപുറപ്പെടുക പൻവേലിൽനിന്ന്. ബുധനാഴ്ചയെത്തിയ നേത്രാവതി പൻവേലിൽ യാത്രയവസാനിപ്പിച്ചു. ലോകമാന്യതിലക് സ്റ്റേഷനിലെ മൂന്നാംനമ്പർ പിറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാറ്റം.

To advertise here,

ജനുവരി 29-വരെ ഇത് തുടരുമെന്നും സമയത്തിൽ മാറ്റമില്ലെന്നും റെയിൽവേ അറിയിച്ചു. കുർള, താനെ സ്റ്റോപ്പുകൾ ഒഴിവാക്കി പൻവേലിലേക്ക് ഇരുട്രെയിനും മാറ്റുന്നത് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കും.

ബോറിവ്ലി, അന്ധേരി ഉൾപ്പെടെയുള്ള പശ്ചിമമേഖലകളിൽനിന്നുള്ളവർ കുർളയിലെത്തിയാണ് നേത്രാവതി എക്‌സ്പ്രസിൽ കയറുന്നത്. സിഎസ്എംടി, കല്യാൺ, അംബർനാഥ്, താനെ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ താനെയിൽനിന്നാണ് പുറപ്പെട്ടിരുന്നത്. ഈ രണ്ട് സ്റ്റേഷനെ ആശ്രയിക്കുന്നവർ ഇനി ഒരുമാസത്തേക്ക് ലോക്കൽ ട്രെയിനിലോ ടാക്‌സിയിലോ പൻവേലിലേക്ക് എത്തേണ്ടിവരും.

സർവീസ് ഇനി ഇങ്ങനെ...

തിരുവനന്തപുരത്തുനിന്ന് എൽടിടിയിലേക്കുള്ള നേത്രാവതി എക്‌സ്പ്രസും (16346), മംഗളൂരു സെൻട്രലിൽനിന്ന് എൽടിടിയിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസും (12620) വ്യാഴാഴ്ചമുതൽ ജനുവരി 29 വരെ പൻവേലിൽ സർവീസ് അവസാനിപ്പിക്കും.

എൽടിടിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് (16345) വ്യാഴാഴ്ചമുതൽ 29 വരെയും എൽടിടിയിൽനിന്ന് മംഗളൂരു സെൻട്രലിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസ് (12619) ജനുവരി 29 വരെയും പൻവേലിൽനിന്നായിരിക്കും സർവീസ് ആരംഭിക്കുക.