ഇന്ത്യയുമായുള്ള വ്യാപാരക്കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമൂഹികമാധ്യമ കുറിപ്പിലൂടെ അറിയേണ്ടി വന്ന ജനങ്ങളുടെ നിർഭാഗ്യാവസ്ഥ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചത്. രാജ്യം ബനാന റിപ്പബ്ലിക്കിന്റെ വഴിയിലാണെന്നും ട്രംപിന് മുന്നിൽ ഇന്ത്യയെ പ്രധാനമന്ത്രി അടിയറ വെച്ചു എന്നുപോലും വിമർശനമുയർന്നു. ഇതിന് പിന്നാലെ മറ്റൊരു വ്യാപാരക്കരാറിലൂടെ കൂടെ ഇന്ത്യയ്ക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് അമേരിക്ക. ഇത് ബംഗ്ലാദേശുമായി ഉണ്ടാക്കിയ വ്യാപാരക്കരാറാണ്. കരാർപ്രകാരം 20 ശതമാനത്തിൽ നിന്ന് 19 ശതമാനത്തിലേക്കാണ് ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ അമേരിക്ക കുറച്ചത്. ഒപ്പം തുണിത്തരങ്ങൾക്ക് പൂജ്യം ശതമാനം തീരുവയാക്കുകയും ചെയ്തു. ഇത് ഇന്ത്യൻ വസ്ത്ര, കോട്ടൺ കയറ്റുമതിയെ വലിയ തോതിൽ ബാധിക്കുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്. ഇന്ത്യയുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ പ്രകാരം 50 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി ഇന്ത്യയ്ക്കുള്ള തീരുവ കുറച്ചെങ്കിലും തുണിത്തരങ്ങളുടെ കാര്യത്തിൽ പ്രത്യേക കരാറുണ്ടാക്കാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നില്ല. ഇതോടെ ഇന്ത്യൻ തുണിത്തരങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വില കൂടുകയും ബംഗ്ലാദേശിൽ നിന്നള്ള തുണിത്തരങ്ങൾക്ക് വില കുറയുകയു ചെയ്യും.

To advertise here,

ബംഗ്ലാദേശും കരാറും

യുഎസിൽ നിന്നുള്ള പരുത്തി ഉപയോഗിച്ച് ബംഗ്ലാദേശിൽ നിർമിക്കുന്ന വസ്ത്ര ഉൽപ്പന്നങ്ങൾക്ക് പൂജ്യം ശതമാനം തീരുവ ആണ് പുതിയ കരാർ പ്രകാരം. ഇത് രണ്ട് തരത്തിലാണ് ഇന്ത്യയെ ബാധിക്കുക. ഒന്ന് ഇന്ത്യയിൽ നിന്നുള്ള തുണി ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണയിൽ വില കൂടും. മറ്റൊന്ന് യുഎസ് പരുത്തി ഉപയോഗിച്ചുള്ള തുണിത്തരങ്ങൾക്കാണ് ബംഗ്ലാദേശിന് പൂജ്യം ശതമാനം തീരുവ എന്നത് കൊണ്ട് തന്നെ കൂടുതൽ അസംസ്‌കൃത വസ്തുക്കൾ അമേരിക്കയിൽ നിന്ന് ബംഗ്ലാദേശിലെത്തും. ഇതോടെ ബംഗ്ലാദേശിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന കോട്ടൺ അസംസ്‌കൃത വസ്തുക്കൾക്ക് ആവശ്യം കുറയുകയും ചെയ്യും. ചുരുക്കിപറഞ്ഞാൽ ഇന്ത്യൻ വസ്ത്ര കയറ്റുമതിയെയും വസ്ത്ര അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയേയും കൂടെ ബാധിക്കുന്നതായി ബംഗ്ലാദേശുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ.

നേരത്തെ 37 ശതമാനമായിരുന്ന ബംഗ്ലാദേശിനുള്ള തീരുവയാണ് 20 ശതമാനത്തിലേക്കും പിന്നീട് 19 ശതമാനത്തിലേക്കുമായി അമേരിക്ക കുറച്ചത്. ആഗോളതലത്തിൽ തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലങ്ങളിൽ മാത്രം ഏകദേശം 6.3 ലക്ഷം കോടിയുടെ (7.6 ബില്ല്യൺ ഡോളർ) വസ്ത്ര കയറ്റുമതിയാണ് അമേരിക്കയിലേക്ക് ബംഗ്ലാദേശ് നടത്തിയത്. ഇന്ത്യയേക്കാൽ ഇരട്ടിയാണത്.

ബംഗ്ലാദേശിന്റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ല് വസ്ത്ര കയറ്റുമതിയാണ്, രാജ്യത്തിന്റെ വിദേശ വരുമാനത്തന്റെ 80 ശതമാനവും ഇതാണ്. അത് ഇന്ത്യയ്ക്കും വലിയ സാധ്യതയായിരുന്നു തുറന്ന് കൊടുത്തിരുന്നത്. ബംഗ്ലാദേശിലേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയിൽ പ്രധാന പങ്ക് ഇന്ത്യ വഹിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഇറക്കുമതി രാജ്യമായ ബംഗ്ലാദേശ്, ഇന്ത്യൻ പരുത്തിയുടെ പ്രധാന ഉപഭോക്താക്കളായിരുന്നു. മുൻപ് ഇന്ത്യയുടെ പരുത്തി കയറ്റുമതിയുടെ 70 ശതമാനവും ബംഗ്ലാദേശിലേക്കായിരുന്നു. ഇതിനാണ് പുതിയ കരാർ പ്രകാരം തിരിച്ചടി വരാനിരിക്കുന്നത്. ഏകദേശം 40 ലക്ഷം തൊഴിലാളികളാണ് ബംഗ്ലാദേശിൽ വസ്ത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പൂജ്യം താരിഫിൽ അമേരിക്കയിൽ അവർക്ക് വസ്ത്ര വിപണി തുറന്നികിട്ടുമ്പോൾ 18 ശതമാനം താരിഫുമായി ഇന്ത്യ എങ്ങനെ പിടിച്ച് നിൽക്കുമെന്നാണ് ഈ രംഗത്തുള്ളവർ ചോദിക്കുന്നത്.

ഇന്ത്യയും വസ്ത്ര വിപണിയും

അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ പ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ തന്നെ 18 ശതമാനം എന്ന ഏറ്റവും കുറഞ്ഞ തീരുവയായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. പാകിസ്താൻ 19 ശതമാനം, ബംഗ്ലാദേശ് 20 ശതമാനം, വിയറ്റ്നാം 19 ശതമാനം, മലേഷ്യ 19 ശതമാനം, കംബോഡിയ 19 ശതമാനം, തായ്​ലൻഡ് 19 ശതമാനം എന്നിങ്ങനെയായിരുന്നു മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ ഇതുവരെയുള്ള തീരുവ നിരക്ക്. ഇതിലെ ഒരു ശതമാനം വീണ്ടും കുറച്ചാണ് ബംഗ്ലാദേശിന് 19 ശതമാനമാക്കിയത്. പക്ഷേ, ബംഗ്ലാദേശ് ഉണ്ടാക്കിയത് പോലുള്ള പൂജ്യം ശതമാനത്തിന്റെ കരാർ ഇന്ത്യയ്ക്ക് അമേരിക്കൻ വിപണിയിൽ ലഭിച്ചില്ല എന്നതാണ് ഇതിൽ പ്രധാനം. മാത്രമല്ല, അമേരിക്കൻ പരുത്തി കൊണ്ടുള്ളവയ്ക്ക് മാത്രമാവും പൂജ്യം ശതമാനം തീരുവ എന്ന തന്ത്രം കൂടി ട്രംപ് ബംഗ്ലാദേശുമായി വെച്ചതോട ഇത് ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടിയുമായി.

2024-25 കാലത്ത് ഏകദേശം 1.22 ലക്ഷം കോടിയുടെ പരുത്തി നാരുകളായിരുന്നു ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചിരുന്നത്. ബംഗ്ലാദേശിന്റെ വസ്ത്ര കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും ഇന്ത്യയുടെ പരുത്തി വസ്ത്ര കയറ്റുമതിയുടെ 26 ശതമാനവും അമേരിക്കയിലേക്കാണ്. വിവിധ കാരണങ്ങൾകൊണ്ട് ബംഗ്ലാദേശ് വസ്ത്രവിപണിയുമായി ഇന്ത്യൻ വസ്ത്ര വിപണി നിരവധി വെല്ലുവിളികൾ ഇപ്പോൾ തന്നെ നേരിടുന്നുണ്ട്. ഇതിനിടെയാണ് പുതിയ കരാറുണ്ടാക്കുന്ന പ്രതിസന്ധിയും. അമേരിക്ക, യൂറോപ്യൻ യൂണിയൻ, യുകെ, യുഎഇ, കാനഡ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ വസ്ത്ര കയറ്റുമതിയുടെ പ്രധാന വിപണി. ഇതിൽ മുന്നിട്ട് നിൽക്കുന്നത് അമേരിക്കൻ വിപണിയാണെങ്കിലും പ്രധാന എതിരാളികളായിരുന്നു ബംഗ്ലാദേശും വിയറ്റ്നാമും. ചൈനയും ബംഗ്ലാദേശും വിയറ്റ്നാമും കഴിഞ്ഞാൽ അമേരിക്കയിലേക്കുള്ള ടെക്സ്‌റ്റൈൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

തിരുപ്പൂരിന്റെ നട്ടെല്ലായ അമേരിക്ക

വസ്ത്ര നിർമാണത്തിലും കയറ്റുമതിയിലും രാജ്യത്ത് തന്നെ എന്നും മുൻപന്തിയിലായിരുന്നു തമിഴ്നാട്ടിലെ തിരുപ്പൂർ. 45 കോടിയിലധികം കയറ്റുമതിയാണ് ഇന്ന് ഇവിടെ നിന്നും പലയിടങ്ങളിലേക്ക് പോകുന്നത്. അതിൽ തന്നെ 25 കോടിയിലേറെയാണ് അമേരിക്കൻ ബിസിനസ് മാത്രം നൽകുന്ന സംഭാവന. ബാക്കി മാത്രമാണ് ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നത്. ആ നിർണായകമായ 25 കോടിയുടെ വരുമാനത്തിന് ട്രംപിന്റെ പുതിയ തീരുവനയം തിരിച്ചടിയുണ്ടാക്കുമോയെന്നാണ് ഇവിടെ നിന്നുള്ളവർ ആശങ്കപ്പെടുന്നത്.

പകരച്ചുങ്കം ഉയർത്തിയതോടെ നേരത്തെ തന്നെ അമേരിക്കൻ വ്യാപാരം ഇവിടെ മുടങ്ങിയിരുന്നു. ഇത് 18 ശതമാനമാക്കി താഴ്ത്തിയത് പ്രതീക്ഷ നൽകുമ്പോഴാണ് പ്രധാന എതിരാളിയായ ബംഗ്ലാദേശിന് പൂജ്യം ശതമാനത്തിൽ അമേരിക്ക വിപണി തുറന്നിരിക്കുന്നത്. പകരച്ചുങ്കം വന്ന സമയത്ത് അമ്പത് ശതമാനത്തോളം ആളുകൾക്ക് തിരുപ്പൂരിൽ ജോലിയില്ലാതായി തീർന്നിരുന്നു. ചരക്കുകൾ കയറ്റി അയക്കാനാവാത്ത സാഹചര്യവും നിലനിന്നു. യന്ത്രങ്ങളുടെ സഹായമുണ്ടെങ്കിലും വസ്ത്രനിർമാണത്തിന്റെ ആണിക്കല്ലാണ് തൊഴിലാളികൾ. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാടിന് അകത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി തൊഴിലാളികൾ ഇവിടേക്ക് കുടിയേറിയത്. ഇവരുടെയെല്ലാം ജീവിതമാണ് പുതിയ തീരുമാനത്തോടെ അങ്കലാപ്പിലായിരിക്കുന്നത്.

ഇന്ത്യൻ ഗ്രാമീണ ജനങ്ങളുടെ സാമ്പത്തിക നട്ടെല്ല് കൂടിയായിരുന്നു വസ്ത്ര മേഖല. സ്റ്റിച്ചിങ്, നിറ്റിംഗ്, എംബ്രോയ്ഡറി, കളറിംഗ്, ബട്ടൺ, കോളർ നിർമാണം, അയണിംഗ് തുടങ്ങി വസ്ത്ര നിർമാണത്തിന്റെ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് ആളുകളാണ് നേരിട്ടും അല്ലാതെയുമായി തൊഴിൽ ചെയ്യുന്നത്. വസ്ത്ര കയറ്റുമതി വിദേശ വിനിമയ വരുമാനത്തിന് ഗണ്യമായി സംഭാവന നൽകുകയും രാജ്യത്തുടനീളമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ വലിയ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് അമേരിക്കൻ വിപണിയുടെ പ്രാധാന്യവും.