പുണെ: മഹാരാഷ്ട്രയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിൽക്കുന്ന എൻസിപി വിഭാഗങ്ങൾ ഒന്നിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്‌. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും സംയുക്തമായാണ് മത്സരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ( ശരദ് പവാർ) വിഭാഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതാണ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. പുണെ, പിംപ്രി ചിഞ്ച്വാഡ് എന്നിവിടങ്ങളിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ് ഇരുവിഭാഗവും കൈകോർക്കുന്നത്. ഇതിന്റെ ഭാഗമായി എൻസിപി (ശരദ് പവാർ) വിഭാഗം നേതാവ് സുപ്രിയ സുലെയോടൊപ്പം അജിത് പവാർ സംയുക്ത പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു.

To advertise here,

മുംബൈ, പുണെ ഉൾപ്പെടെ സംസ്ഥാനത്തെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15-ന് നടക്കും. ഈ തിരഞ്ഞെടുപ്പിലെ ഫലത്തിന് ശേഷം പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കൂടിയാലോചിച്ച് ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് അജിത് പവാർ പ്രതികരിച്ചത്. ഈ പ്രതികരണവും വന്നതോടെയാണ് എൻസിപി വീണ്ടും ഒറ്റപാർട്ടിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനാണ് ഇരു എൻസിപി വിഭാഗങ്ങളും ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് ഇക്കാര്യത്തിൽ അജിത് പവാർ വിശദീകരണം നൽകിയത്. ഇത്തരമൊരു സഖ്യം വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അജിത് പവാർ അഭിപ്രായപ്പെട്ടു.

ലയന സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, 'തൽക്കാലം വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയും ശിവസേനയും മുമ്പ് പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വെവ്വേറെ മത്സരിച്ച ചരിത്രം ചൂണ്ടിക്കാട്ടി, ഇപ്പോൾ നടക്കുന്ന നീക്കങ്ങളിൽ അസ്വാഭാവികത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളാണ് പാർട്ടി നടത്തുന്നത് എന്നതിനാൽ അവരുമായുള്ള കൂടിയാലോചനകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം ഭരിക്കുന്ന മഹായുതി സർക്കാരിൽ അസ്വസ്ഥതകൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൻസിപി വിഭാഗങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിക്കുന്നതെന്നതാണ് ശ്രദ്ധേയം. ശിവസേന പിളർത്തി ഏകനാഥ് ഷിന്ദേ നയിക്കുന്ന ശിവസേന ബിജെപിയുമായി കൈകോർത്തിരുന്നു. ഇതിന് പിന്നാലെ എൻസിപിയെ പിളർത്തി അജിത് പവാറും ബിജെപിക്കൊപ്പം ചേർന്നു. 2023 ജൂലൈയിലാണ് എൻസിപി പിളരുന്നത്. തുടർന്ന് ഔദ്യോഗിക ചിഹ്നമായ 'ക്ലോക്ക്' അജിത് പവാർ വിഭാഗത്തിന് ലഭിച്ചു. അതേപോലെ ശിവസേന ചിഹ്നം ഷിന്ദേ വിഭാഗത്തിനും ലഭിച്ചു.

288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിൽ ഭരണസഖ്യമായ മഹായുതിക്ക് 235 സീറ്റുകളുണ്ട്. ഇതിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 132 സീറ്റുകളും അജിത് പവാറിന്റെ എൻസിപി-57, ശിവസേന ഷിന്ദെ- 41 എന്നിങ്ങനെയാണ് സീറ്റ് നില. കേവല ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. അജിത് പവാർ മുന്നണി വിട്ടാലും ഭരണമാറ്റമുണ്ടാകാനുള്ള സാധ്യത തുലോം കുറവാണ്. അതല്ല ശരദ് പവാറിന്റെ എൻസിപി കോൺഗ്രസ് സഖ്യം വിട്ട് മഹായുതിക്കൊപ്പം നിൽക്കുന്ന എൻസിപിയുമായി ചേരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രാദേശിക സഖ്യം മഹാരാഷ്ട്രയിലെ സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് അജിത് പവാർ ഉറപ്പിച്ചു പറയുന്നുമുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ എന്നിവരുമായുള്ള ബന്ധത്തെ പ്രാദേശിക തലത്തിലുള്ള നീക്കുപോക്ക് ബാധിക്കില്ലെന്നും അജിത് പവാർ പറയുന്നു.