ന്യൂഡല്‍ഹി: കൂടെ നിന്നില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പിലൂടെ മന്ത്രി എ.കെ. ശശീന്ദ്രനേയും തോമസ് കെ. തോമസ് എംഎല്‍എയേയും ഒപ്പം നിര്‍ത്താന്‍ നീക്കം സജീവമാക്കി എന്‍സിപി അജിത് പവാര്‍ പക്ഷം. പാര്‍ട്ടി പറയുന്നതൊന്നും കേള്‍ക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കുകയും പുറത്താക്കുകയും ചെയ്യുമെന്ന് എന്‍സിപി അജിത് പവാര്‍ പക്ഷ ദേശീയ ജനറല്‍ സെക്രട്ടറി ബ്രിജ്മോഹന്‍ ശ്രീവാസ്തവ് ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

പാര്‍ട്ടി പരിപാടിയിലൊന്നും പങ്കെടുക്കാത്ത അവര്‍, ജയിച്ചത് എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തിലാണ് എന്ന ഓര്‍മ വേണമെന്നും ബ്രിജ് മോഹന്‍ കൂട്ടിച്ചേര്‍ത്തു. ഇത് അവസാനത്തെ അവസരമാണ്, കൂടെ നിന്നാല്‍ എംഎല്‍എ സ്ഥാനത്ത് തുടരാം. അല്ലെങ്കിൽ അയോഗ്യരാകുമെന്ന് എംഎല്‍എമാരെ അറിയിച്ച അജിത് പവാര്‍ പക്ഷം, കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനും കത്ത് നല്‍കിയിട്ടുണ്ട്.

എന്‍സിപി പിളര്‍ത്തി അജിത് പവാറും സംഘവും എന്‍ഡിഎയില്‍ പോയിട്ട് കാലം കുറച്ചായെങ്കിലും കേരളത്തിലെ എംഎല്‍എമാരുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ നടത്തിയിരുന്നില്ല. എന്നാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ സജീവ ഇടപെടല്‍ നടത്താന്‍ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഭീഷണിയ്ക്കൊടുവില്‍ തോമസ് കെ. തോമസ് എംഎല്‍എയെ എങ്കിലും സ്വന്തം പാളയത്തില്‍ എത്തിക്കാനാകുമോ എന്ന് ശ്രമിക്കുകയാണ് അജിത് പവാര്‍ പക്ഷം.

ഒറ്റയ്ക്ക് മത്സരിച്ചാല്‍ കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന വിലയിരുത്തല്‍ അജിത് പവാറിനുണ്ട്. മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്കൊപ്പമുള്ള അജിത് പവാറിന്റെ പാര്‍ട്ടിയെ കേരളത്തില്‍ ഇടതുപക്ഷവും യുഡിഎഫും കൂടെക്കൂട്ടില്ല. അതുകൊണ്ട് വരും മാസങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കാനുള്ള ആലോചനയാണ് പാര്‍ട്ടിയ്ക്കുള്ളത്. കേരളത്തിലെ സഖ്യ ചര്‍ച്ചകള്‍ ഉള്‍പ്പെടെ മുന്നോട്ട് നീക്കാന്‍ ബ്രിജ്മോഹന്‍ ശ്രീവാസ്തവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എംഎല്‍എമാരെ വരുതിയിലാക്കാനുള്ള ഇടപെടല്‍.