
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിൽ സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും എതിരെ ഗുരുതര ആരോപണങ്ങൾ. 5000 കോടി രൂപയുടെ വിപണി മൂല്യം ഉള്ള വസ്തുവകകൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൈക്കലാക്കി. അസോസിയേറ്റഡ് ജേർണൽസ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തി. അസോസിയേറ്റഡ് ജേർണൽസിന്റെ വസ്തുക്കൾ ഉപയോഗിച്ച് വ്യാജ വാടക ബില്ലുകൾ ചമച്ചതായും ഇഡി കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിന് ഒപ്പം തെളിവുകളും കോടതിക്ക് കൈമാറി.
നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് വ്യക്തികൾക്കും, രണ്ട് കമ്പനികൾക്കും എതിരെയാണ് ഇഡി കുറ്റപത്രം ഫയൽ ചെയ്തത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി എന്നിവർക്ക് പുറമെ യങ് ഇന്ത്യ, ഡോടെക്സ് മെർച്ചൻഡൈസ് എന്നീ കമ്പനികൾക്കെതിരെയുമാണ് കുറ്റപത്രം ഫയൽ ചെയ്തതിരിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസ് ഏറ്റെടുക്കാനുള്ള ക്രിമിനൽ ഗൂഢാലോചന സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ളവർ നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യ എന്ന കമ്പനി അസോസിയേറ്റഡ് ജേർണൽസിന് 50 ലക്ഷം രൂപ വായ്പ നൽകി. ഈ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അസോയിയേറ്റഡ് ജേർണൽസ് എന്ന കമ്പനിയുടെ 99 % ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനിയുടെ പേരിലേക്ക് മാറ്റി. നിലവിൽ അസോസിയേറ്റഡ് ജേർണൽസിന്റെ വസ്തു വകകളുടെ വിപണി മൂല്യം 5000 കോടി ആണെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ കോൺഗ്രസ് പാർട്ടി 90 കോടി രൂപ അസോസിയേറ്റഡ് ജേർണൽസിന് വായ്പയായി നൽകി. എന്നാൽ ഇത് പിന്നീട് യങ് ഇന്ത്യയുടെ ഒമ്പത് കോടിയുടെ ഇക്വിറ്റി ഷെയർ ആക്കി മാറ്റുകയായിരുന്നു. കോൺഗ്രസ് പാർട്ടി അസോസിയേറ്റഡ് ജേർണൽസിനാണ് പണം നൽകിയതെന്നും യങ് ഇന്ത്യക്ക് ആയിരുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. അസോസിയേറ്റഡ് ജേർണൽസ് വസ്തുക്കൾ ഉപയോഗിച്ച് വ്യാജ വാടക ബില്ലുകൾ ചമച്ചു എന്നും ഇഡി കുറ്റപത്രത്തിൽ പരാമർശം ഉള്ളതായാണ് സൂചന. 2017 -18 ൽ 38.41 കോടി രൂപ വാടക ഇനത്തിൽ കൈപ്പറ്റി എന്ന രേഖ ഉണ്ടാക്കിയെന്നും എന്നാൽ ഈ വാടക കൈപ്പറ്റിയിട്ടില്ലയെന്നും ഇഡി ചൂണ്ടികാണിക്കുന്നു. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന് ലഭിച്ച പരസ്യ വരുമാനത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.
Content Highlights: ED chargesheet accuses Sonia & Rahul Gandhi of financial irregularities and money laundering
Published: 16 Apr 2025, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented