ന്യൂഡല്‍ഹി: രണ്ടര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 38 വിദേശയാത്രകള്‍. ഈ യാത്രകള്‍ക്കെല്ലാമായി ആകെ 258 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 2023 ജൂണില്‍ യുഎസ്സിലേക്ക് നടത്തിയ യാത്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ചെലവേറിയ യാത്ര. 22 കോടി രൂപയാണ് ഈ യാത്രയ്ക്ക് ചെലവായത്. 

To advertise here,

വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീത്തയാണ് ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവിട്ട തുകയുടെ വിശദമായ കണക്കാണ് ഖാര്‍ഗെ ചോദിച്ചത്. ഓരോ യാത്രയിലേയും ഹോട്ടല്‍ സൗകര്യങ്ങള്‍, സ്വീകരണങ്ങള്‍, ഗതാഗതം തുടങ്ങിയവയുടെ ചെലവുകള്‍ പ്രത്യേകമായി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

യാത്രകളില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ഉദ്യോഗസ്ഥസംഘം, മാധ്യമസംഘം, സുരക്ഷ എന്നിവയുടെയെല്ലാം ചെലവുകള്‍ ഉള്‍പ്പെടുത്തിയ വിശദമായ മറുപടിയാണ് മന്ത്രി രാജ്യസഭയില്‍ നല്‍കിയത്. 2022 മേയ് മുതല്‍ 2024 ഡിസംബര്‍ വരെ മോദി നടത്തിയ വിദേശയാത്രകളുടെ കണക്കുകളാണ് മന്ത്രി നല്‍കിയത്. 

2023 ജൂണില്‍ യുഎസ്സിലേക്ക് നടത്തിയ യാത്രയ്ക്ക് 22,89,68,509 രൂപയാണ് ചെലവഴിച്ചത്. അതേസമയം 2024 സെപ്റ്റംബറിലെ യുഎസ് യാത്രയ്ക്ക് 15,33,76,348 രൂപയായിരുന്നു ചെലവ്. 2023 മേയിലെ ജപ്പാന്‍ യാത്രയ്ക്ക് 17,19,33,356 രൂപ, 2022 മേയിലെ നേപ്പാള്‍ യാത്രയ്ക്ക് 80,01,483 രൂപ എന്നിങ്ങനെയാണ് പ്രധാന വിദേശയാത്രകളുടെ ചെലവുകള്‍. 

പോളണ്ട് (10,10,18,686 രൂപ), യുക്രൈന്‍ (2,52,01,169 രൂപ), റഷ്യ (5,34,71,726 രൂപ), ഇറ്റലി (14,36,55,289 രൂപ), ബ്രസീല്‍ (5,51,86,592 രൂപ), ഗയാന (5,45,91,495 രൂപ), ജര്‍മ്മനി, കുവൈത്ത്, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്ബകിസ്താന്‍, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് 2022-നും 2024-നുമിടയല്‍ പ്രധാനമന്ത്രി യാത്ര നടത്തിയത്.