ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായ നജ്മ ഹെപ്തുള്ളയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പശ്ചാത്താപമുണ്ടായിരുന്നുവെന്ന് അടുത്തിടെ പുറത്തിറങ്ങിയ 'ഇന്‍ പര്‍സ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാര്‍ട്ടി ലൈന്‍സ്' എന്ന ആത്മകഥയില്‍ പറയുന്നു. 

To advertise here,

'അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ തനിക്ക് ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. പക്ഷെ, അതില്‍ അവര്‍ ഏറെ പശ്ചാത്തപിച്ചിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്.' ഹെപ്തുള്ള പറയുന്നു.

മുന്‍ കേന്ദ്രമന്ത്രിയും മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമാണ് നജ്മ ഹെപ്തുള്ള . 1980 കളില്‍ കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റിലെത്തിയ നജ്മ 2004-ല്‍ കോണ്‍ഗ്രസ് വിടുകയും ബിജെപി പക്ഷത്തോടൊപ്പം ചേരുകയും തൊട്ടടുത്ത വര്‍ഷം ബിജെപിയ്‌ക്കൊപ്പം രാജ്യസഭയിലെത്തുകയും ചെയ്തു. 

'ഇന്ദിരയുടെ ഇന്ത്യയില്‍' എന്ന അധ്യായത്തിലാണ് ഇന്ദിരാ ഗാന്ധി എന്ന പ്രധാനമന്ത്രിയെ കുറിച്ച് നജ്മ പറയുന്നത്. ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥന്മാരും ഉപദേശകരും ഒരു ബംഗാള്‍ രാഷ്ട്രീയക്കാരനും സുഹൃത്തും ഉള്‍പ്പടെ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്ന ആളുകള്‍ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് നജ്മ പറയുന്നു.

ആ രാഷ്ട്രീയ രക്ഷാധികാരികളുടെ ബന്ധനത്തില്‍ നിന്ന് മോചിതയാവുകയും സ്വയം തീരുമാനം എടുക്കുകയും ചെയ്തതോടെ അവര്‍ ഇന്ദിരക്കെതിരെ തിരിഞ്ഞുവെന്നും അവരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും അവരാണ് ഇന്ദിരയെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നും നജ്മ പറയുന്നു. 

പിന്നീട് അധികാരത്തിലേക്ക് മടങ്ങി വന്ന ഇന്ദിര അധികാരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ വൈദഗ്ദ്യം നേടിയിരുന്നുവെന്നും കൗശലക്കാരിയും കഠിനഹൃദയയുമായി മാറിയിരുന്നുവെന്നും ഹെപ്തുള്ള പുസ്തകത്തില്‍ പറയുന്നു.

അതേസമയം, നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവവും ഹെപ്തുള്ള വിവരിക്കുന്നുണ്ട്. നരേന്ദ്രമോദിയുമായി വളരെ സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നുവെന്ന് നജ്മ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് സോണിയാ ഗാന്ധി എത്തിയതിന് ശേഷമാണ് നജ്മ ഹെഹ്തുള്ള പാര്‍ട്ടിയുമായി പിണങ്ങിയത്. സോണിയയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു കാരണം. സോണിയയുമായുള്ള പ്രശ്‌നങ്ങളും ന്ജമ പുസ്തകത്തില്‍ പറയുന്നുണ്ട്. അതേസമയം ഇന്ദിരാഗാന്ധി എല്ലാവര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുന്ന വ്യക്തിയായിരുന്നുവെന്നും നജ്മ പറഞ്ഞു.