കോഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മുതൽ പെയ്ത അതിശക്തമായ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും നാല് പേർ മരിച്ചു. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

To advertise here,

മോൺ ജില്ലാ ആസ്ഥാനമായ മോൺ ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് പ്രകൃതിക്ഷോഭം കനത്ത നാശം വിതച്ചത്. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് മോൺ ഡെപ്യൂട്ടി കമ്മീഷണർ വെന്യീ കൊന്യാക് അറിയിച്ചു. നിലവിൽ എട്ടുപേരെ കാണാതായതായാണ് വിവരം, ഇതിൽ കുട്ടികളും ഉൾപ്പെടുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേന, നാഗാലാൻഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, പോലീസ്, അസം റൈഫിൾസ് എന്നിവർ പ്രാദേശിക കൂട്ടായ്മകളുമായി ചേർന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ നിർത്താതെ പെയ്യുന്ന മഴയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാദൗത്യത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപകടമേഖലകളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.