മുംബൈ: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ഊർജം പകരാൻ നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തി മുംബൈ മേയർ കിഷോരി പേഡ്നേകർ.

To advertise here,

ബി.വൈ.എൽ നായർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയാണ് നഴ്സ് കൂടിയായ കിഷോരി എത്തിയത്. ആശുപത്രിയിലെത്തിയ മേയർ ആരോഗ്യപ്രവർത്തകർ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്ന് ആരാഞ്ഞു. ആശുപത്രിയിലെ സ്ഥിതിഗതികളും വിലയിരുത്തി.

ഞാൻ ഒരു നഴ്സായിരുന്നു. ഈ ജോലിയിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയാം. ഞാനും അവരിൽ ഒരാളാണെന്ന് പറയാനാണ് ഞാൻ നഴ്സിന്റെ യൂണിഫോം ധരിച്ചത്. ഇത് ദുരിതകാലമാണ്. നമ്മളെല്ലാം ഒന്നിച്ചുനിൽക്കേണ്ട സമയമാണ്. കോവിഡിനെതിരെ പോരാടുന്നവർക്ക് പിന്തുണ അറിയിക്കാൻ കൂടിയാണ് താൻ ആശുപത്രിയിലെത്തിയതെന്ന് അവർ പറഞ്ഞു.

രണ്ടാഴ്ച മുൻപ് മേയറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മേയർ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. നിരീക്ഷണകാലാവധി പൂർത്തിയായതിനുശേഷം മുംബൈയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവസന്നിധ്യമായി മേയർ കിഷോരിയും ഉണ്ട്.