ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ വിശദമായ പദ്ധതി തയ്യാറാക്കിയത് ദുബായില്‍വെച്ചെന്ന് എന്‍ഐഎ. തഹാവൂര്‍ റാണയും ഐഎസ്‌ഐ ഏജന്റും ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

To advertise here,

മുംബൈയില്‍ ഭീകരാക്രമണം നടത്തുന്നതിന് മുന്നോടിയായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും റാണയും ഇന്ത്യയിലേക്കും മറ്റുചില വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. റാണയെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരവും, ദുബായില്‍ വെച്ചാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്തിമപദ്ധതി തയ്യാറാക്കിയത് എന്നാണ്. 

ഐഎസ്‌ഐ ഏജന്റുമായി റാണ നടത്തിയ കൂടിക്കാഴ്ചയാണ് ഭീകരാക്രമണ പദ്ധതിയിലേക്ക് നയിച്ചത്. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച നടന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ എന്‍ഐഎ ഇതുവരെയും ഈ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ റാണയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, റാണ ചോദ്യംചെയ്യലുമായി നല്ലരീതിയില്‍ സഹകരിക്കുന്നില്ല എന്ന വിവരവും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.