
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്‌ദ്വാറിൽ കടയുടെ പേരുമാറ്റത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വയോധികനായ മുഹമ്മദ് എന്ന കടയുടമയെ ബജ്‌രംഗ്‌ദൾ ആക്രമണത്തിൽനിന്ന് രക്ഷിച്ച ദീപക് കുമാർ കശ്യപിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. ട്രെയിനറായ ദീപക്കിന്റെ ജിമ്മിലെത്തിയ ബ്രിട്ടാസ് അംഗത്വമെടുത്തു. രാജ്യശ്രദ്ധനേടിയ സംഭവത്തിനുശേഷം ആദ്യമായാണ് ഒരു എം.പി. തന്നെക്കാണാനെത്തിയതെന്ന് ദീപക് പറഞ്ഞു.
ദീപക്കിന്റെ വീട്ടിലെത്തിയ ജോൺ ബ്രിട്ടാസ് കേരളത്തിൽ നിലനിൽക്കുന്ന മതമൈത്രിയെക്കുറിച്ച് സംസാരിക്കുകയും സുഗന്ധദ്രവ്യങ്ങൾ സമ്മാനിക്കുകയും ചെയ്തു. മുഹമ്മദിന്റെ ബാബ കളക്‌ഷൻസിൽനിന്ന് ഭാര്യക്ക് സാരിയും വാങ്ങിയാണ് ബ്രിട്ടാസ് മടങ്ങിയത്. കോട്ദ്വാർ പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം ഇരുവർക്കുംനേരേ നടന്ന ആക്രമണത്തിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞമാസം 26-നാണ് രാജ്യശ്രദ്ധനേടിയ സംഭവം. 30 വർഷം പഴക്കമുള്ള ബാബ സ്കൂൾ ഡ്രസ് എന്ന കടയുടെ പേരിലെ ‘ബാബ’ എന്ന ഭാഗം മാറ്റണമെന്നാവശ്യപ്പെട്ടാണ് സംഘമെത്തിയത്. കോട്‌ദ്വാറിലെ സിദ്ധ്ബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ഈ വാക്കെന്നായിരുന്നു ബജ്‌രംഗ്‌ദളിന്റെ വാദം. 70-കാരനായ കടയുടമ മുഹമ്മദിനുനേരേ പ്രതിഷേധവുമായെത്തിയ സംഘത്തെ എതിർത്ത ദീപക് നിങ്ങൾക്ക് പേരാണ് പ്രശ്നമെങ്കിൽ ‘മേരാ നാം മുഹമ്മദ് ദീപക്’ എന്നുപറഞ്ഞത് വലിയ വാർത്തയായിരുന്നു.
Content Highlights: MP John Brittas Honors Uttarakhand Man Who Defended Shopkeeper from Mob Attack
Published: 09 Feb 2026, 08:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented