ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു 'ഫേക്കു മാസ്റ്റര്‍ മാത്രമല്ല, യൂട്ടേണ്‍ ഉസ്താദു കൂടിയാണെ'ന്ന് ജയറാം രമേശ് ട്വിറ്ററില്‍ പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തില്‍ മോദി അന്നും ഇന്നും കാണിച്ച ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഒരു ട്വിറ്റര്‍ ഉപയോക്താവിട്ട കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ജയറാം രമേശിന്റെ വിമർശനം.
യു.പി.എ. സര്‍ക്കാര്‍ 2013-ല്‍ കൊണ്ടുവന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഈയിടെയാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ അന്ന് യു.പി.എ. സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇതിനെതിരെ ശക്തമായ എതിര്‍പ്പുന്നയിച്ചിരുന്നു. യു.പി.എ. പാസാക്കാന്‍ പോകുന്ന ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യത്ത് പട്ടിണി വര്‍ധിപ്പിക്കുമെന്നും പാവങ്ങളുടെ പാത്രത്തില്‍ കൈയിട്ടുവാരാനാണ് ഈ ബില്ല് ഉപകരിക്കുകയെന്നും പറയുന്ന മോദിയുടെ വീഡിയോ ആണ് ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ വിമർശനം.
2013-ല്‍ ഈ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ ഒരു മുഖ്യമന്ത്രി ശക്തമായി എതിര്‍ത്തെന്നും ജയറാം രമേശ് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കുന്നു. 'അന്ന് മുഖ്യമന്ത്രിയായിരുന്ന ആള്‍ ഇന്ന് പ്രധാനമന്ത്രിയായപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. നേരത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും അദ്ദേഹം ഇതുപോലെ പരിഹസിച്ച് പിന്നീട് പ്രകീര്‍ത്തിച്ച് രംഗത്തുവന്നതാണ്. എന്നാല്‍ അതിന്റെ ക്രെഡിറ്റ് പദ്ധതി കൊണ്ടുവന്നവര്‍ക്ക് തരാന്‍ അദ്ദേഹം തയ്യാറല്ല', ജയറാം രമേശ് കുറിച്ചു.
2013-ല്‍ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്നതിനു ശേഷം ഇന്ത്യയിലെ ആളോഹരി വരുമാനം 33.4 ശതമാനമായി വര്‍ധിച്ചെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ വര്‍ധനവ് ഇന്ത്യയിലെ നിരവധി കുടുംബങ്ങളെ ഉയര്‍ന്ന വരുമാനത്തിലേക്ക് നയിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമനടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Content Highlights: jairam ramesh mentions modi on food security act
Published: 13 Nov 2022, 05:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented