രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. (രാജ്യത്ത് പ്രധാനമന്ത്രിമാര്‍ വാര്‍ത്താ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്ന കാലമുണ്ടായിരുന്നു) ആ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു- 'ചരിത്രം എന്നോട് ദയയുള്ളതായിരിക്കും'.
രാജ്യത്ത് ഉദാരവത്കരണം നടപ്പിലാക്കുകയും ആഗോളവത്കരണത്തിന് വഴിതുറക്കുകയും ചെയ്ത ധനമന്ത്രിയും അതിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോയ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്, അതിന്റെ പേരിൽ ഏറെ പഴികേട്ടിരുന്നു. ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകൾക്കുമെല്ലാം ചരിത്രത്തിന്റെ ദയയ്ക്കായി കാത്തിരുന്ന മന്‍മോഹന്‍ സിങ്ങിനോട് ചരിത്രം ദയ കാട്ടുമോ?
റിസര്‍വ്വ് ബാങ്ക് ഗവർണർ, ധനകാര്യ സെക്ര'ട്ടറി, പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷന്‍, ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നിര്‍വചിക്കുന്ന തന്ത്രപരമായ സ്ഥാനങ്ങളിലിരുന്ന അനുഭവ പരിചയവുമായി പ്രധാനമന്ത്രിപദത്തിലെത്തിയ മന്‍മോഹന്‍ സിങ്ങിന്, ആ പത്ത് വര്‍ഷക്കാലത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പ്രതിപക്ഷം സമ്മാനിച്ച പേരായിരുന്നു 'മൗന്‍' മോഹന്‍ സിങ്.
'മൗന്‍' മോഹന്‍ പ്രധാനമന്ത്രി പദത്തിലിരുന്ന പത്തുവര്‍ഷക്കാലത്തെ ചരിത്രത്തെ കൂട്ടുപിടിച്ചാല്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എന്താണ് മറുപടി ലഭിക്കുക? വാണിജ്യ- വ്യവസായ മേഖലയ്ക്ക് പ്രധാന്യം നല്‍കുന്ന നയസമീപനങ്ങള്‍ കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ 'മൗന്‍' മോഹന്‍ സിങ് പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ അതേ നയങ്ങള്‍ പിന്‍തുടരുകയായിരുന്നോ?
ചരിത്രത്തിലെ ചില അവകാശ പ്രഖ്യാപനങ്ങള്‍
1. അറിയാനുള്ള അവകാശം
2004 ല്‍ അധികാരത്തിലെത്തിയ യു പി എ ഒന്നാം സര്‍ക്കാരിന്റെ ആദ്യത്തെ സുപ്രധാന നിയമ നിര്‍മ്മാണമായിരുന്നു രാജ്യത്തെ പൗരന്‍മാരുടെ ആത്മാഭിമാനം ഉയര്‍ത്തിയ വിവരാവകാശ നിയമം. പൗരന്റെ അറിയാനുള്ള അവകാശത്തെ നിയമപരമായി ഉറപ്പാക്കുന്നതായിരുന്നു ആ നിയമം. ശക്തമായ ഭരണ- ഉദ്യോഗസ്ഥ- രാഷ്ട്രീയ ശക്തികളോട് പോരാടി നീതി ഉറപ്പാക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് ലഭിച്ച ആയുധമായിരുന്നു അറിയാനുളള അവകാശനിയമം- 2005.
2. തൊഴില്‍ അവകാശം
ലോകത്തിലെ ഏറ്റവും ബൃഹത്തായ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2005 ല്‍ നടപ്പിലാക്കി. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം നൂറ് ദിവസം തൊഴില്‍ദിനം നിയമപരമായി ഉറപ്പാക്കിയ പദ്ധതിയിലൂടെ ദശലക്ഷകണക്കിന് മനുഷ്യരെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റിയെന്നതിന് പഠന റിപ്പോര്‍ട്ടുകള്‍ ബലമേകുന്നുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്‌സ് റിസര്‍ച്ചും മെരിലാന്റ് സര്‍വ്വകലാശാലയും സംയുക്തമായി 2004-2005 മുതല്‍ 2011-2012 വരെ രണ്ടു ഘട്ടമായി നടത്തിയ സര്‍വെയില്‍ തൊഴിലുറപ്പ് പദ്ധതി മൂലം ദാരിദ്യം 32 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും 14 മില്യണ്‍ ഇന്ത്യക്കാരെ ദാരിദ്രത്തിന്റെ പിടിയിലാകുന്നതില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതായും കണ്ടെത്തിയിരുന്നു.
3. ഭക്ഷണമെന്ന അവകാശം.
2013 ല്‍ പാസാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം വഴി രാജ്യത്തെ മൂന്നില്‍ രണ്ട് ജനവിഭാഗത്തിന് ഭക്ഷണം ഉറപ്പാക്കാന്‍ കഴിഞ്ഞു. ഒരു കിലോ അരിയും ഒരു കിലോ ഗോതമ്പും ധാന്യങ്ങളും ചില്ലറ പൈസയ്ക്ക് നല്‍കുന്ന പദ്ധതിയില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെയും ഉള്‍പ്പെടുത്തിയിരുന്നു.
4. പഠിക്കാനുള്ള അവകാശം
6 വയസ് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം 2009 ല്‍ പാസാക്കി. ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികകല്ലായിരുന്നു വിദ്യാഭ്യാസ അവകാശ നിയമം.
5. വനാവകാശ നിയമം
വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും മറ്റു പരമ്പരാഗത വന വാസികള്‍ക്കും വനത്തിലെ ഭൂമിയിലും വന വിഭവങ്ങളിലുമുള്ള അവകാശം ഉറപ്പാക്കുന്ന ചരിത്രപരമായ നിയമം 2006 ല്‍ പാസാക്കി. വനഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ വനവാസികളുടെ അനുമതി വേണമെന്ന പ്രസ്തുത നിയമത്തിലെ വ്യവസ്ഥ 2023 ല്‍ രണ്ടാം മോദി സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ എടുത്തു കളഞ്ഞു. ആ നിയമഭേദഗതിയിലൂടെ 2006-ലെ വനവകാശ നിയമത്തെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി .
6. ഭൂമി നഷ്ടപ്പെടുന്നവന്റെ അവകാശം
വ്യവസായ ആവശ്യങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമിയേറ്റെടുക്കുന്നതിന് നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് 2013 ല്‍ ഭൂമിയേറ്റെടുക്കല്‍ നിയമം പാസാക്കി. നാടിന്റെ വികസനത്തിന്റെ പേരില്‍ ഭൂമിയേറ്റെടുക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുകയായിരുന്നു നിയമത്തിലൂടെ. വികസനത്തിന്റെ പേരില്‍ ഇരയാക്കപ്പെടില്ലെന്ന് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയ ആത്മവിശ്വാസം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കുതിച്ചു ചാട്ടമുണ്ടാക്കി. സ്വകാര്യ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന് ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന ഭൂവുടമകളില്‍ 80 ശതമാനത്തിന്റെയും പൊതു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഭൂ ഉടമകളില്‍ 70 ശതമാനത്തിന്റെയും അനുവാദം വേണമെന്ന 2013 ല്‍ നിലവില്‍ വന്ന നിയമത്തിലെ ചട്ടം ദുര്‍ബലപ്പെടുത്താന്‍ 2015 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ശ്രമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
'സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം'
ഇന്ത്യക്കാരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമെന്ന ആരോപണം നേരിട്ട പദ്ധതിയായിരുന്നു സവിശേഷ തിരിച്ചറിയല്‍ നമ്പരായ ആധാര്‍. ആധാറിന്റെ ചുവട് പിടിച്ച് ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്ത് സബ്‌സിസികള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുന്ന ഡകറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന പദ്ധതിയും യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ആ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കിയ രാജ്യത്തെ ജില്ലകളില്‍ ഒന്ന് കേരളത്തിലെ വയനാട് ആയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതികളുടെ ആണിക്കല്ലായി മാറിയ ആധാറിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ആധാറിനെ 'രാഷ്ട്രീയ സൂത്രപ്പണി'യെന്നായിരുന്നു 2014 ല്‍ മോദി നടത്തിയ വിമര്‍ശനം.
കുട്ടികള്‍ക്ക് എതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം, സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള നിയമം, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയവയും 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയ നിയമങ്ങളായിരുന്നു.
വലിയ തോതില്‍ അഴിമതി ആരോപണങള്‍ നേരിട്ടൊരു സര്‍ക്കാര്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മേല്‍പ്പറഞ്ഞ നിയമ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ പൗരന്‍മാരുടെ തൊഴില്‍, ഭക്ഷണം, വിദ്യാഭ്യാസം, അറിയാനുള്ള അവകാശം എന്നി അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നുവെന്നത് ചരിത്രത്തിന് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്.
അതില്‍ തന്നെ അഴിമതിയെ വലിയൊരളവില്‍ തടയാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കിയ അറിയാനുള്ള അവകാശ നിയമം, സ്വതന്ത്ര്യ ഇന്ത്യയിലെ ചരിത്രപരമായ നിയമ നിര്‍മ്മാണമായിരുന്നു.
യു പി എ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാരിന് അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്‍ പാസാക്കേണ്ടി വന്നുവെന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ പാസാക്കിയ ബില്‍ 2014 ല്‍ നിയമമായെങ്കിലും പിന്നീട് വന്ന മോദി സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ വൈമുഖ്യം കാട്ടി. ഇതിനെതിരെ അണ്ണാ ഹസാരെയ്ക്ക് വീണ്ടും നിരാഹാര സമരം പ്രഖാപിക്കേണ്ടിവന്നിരുന്നു.
പക്ഷേ, , ഈ നിയമങ്ങള്‍ ഒന്നുമല്ലായിരുന്നു 10 വര്‍ഷം നീണ്ട ഭരണത്തിലെ നേട്ടമായി മന്‍മോഹന്‍ സിങ് എടുത്ത് കാട്ടിയത്. രാജ്യത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയുമായി ഒപ്പിട്ട സമാധാന ആവശ്യങ്ങള്‍ക്കുള്ള ആണവ സഹകരണ കരാറായിരുന്നു ഭരണ നേട്ടങ്ങളുടെ പട്ടികയില്‍ മന്‍മോഹന്‍ സിങ് ഒന്നാമതായി ഉള്‍പ്പെടുത്തിയത്. വെറുമൊരു കരാറിനപ്പുറം ഇന്ത്യ- അമേരിക്ക നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്തി പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ 123 കരാര്‍ വഴിത്തിരിവായെന്ന് നിസംശയം പറയാം.
ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച് സര്‍ക്കാര്‍ താഴെ വീണേക്കാമെന്ന സ്ഥിതിയില്‍ മുന്നണിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷത്ത് നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ 123 കരാറിനായി ഉറച്ച് നിന്ന മന്‍മോഹന്‍ സിംഗിന് കേള്‍ക്കേണ്ടി വന്നത് ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന ആക്ഷേപമാണ്.
ആക്ഷേപങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കേണ്ടി വന്നപ്പോള്‍ പി എം ഒ ഓഫീസില്‍ ഉണ്ടായിരുന്നവരും സുഹൃത്തുക്കളും മന്‍മോഹന്‍ സിംഗിനോട് മൗനം ഭജ്ഞിച്ച് കൊണ്ട് ആത്മകഥയെഴുതണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തുറന്നെഴുതുന്ന ആത്മകഥയെക്കാള്‍ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങള്‍ സ്വയം സംസാരിക്കട്ടെയെന്ന നിലപാടാണ് മന്‍ മോഹന്‍ സിങ് സ്വീകരിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷേ, , മന്‍മോഹന്‍ സിംഗിന്റെ അക്കാദമിക രംഗത്ത് നടത്തിയ പ്രവര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി 'Changing India' എന്ന പുസ്തകം 2018-ല്‍ ഓക്‌സ്‌ഫോര്‍ഡ് പ്രസ് പുറത്തിറക്കിയിരുന്നു. ആ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ദീര്‍ഘമായി സംസാരിച്ച മന്‍മോഹന്‍ സിങ് ജീവിത ചരിത്രത്തിലെ' ചില രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. മന്‍മോഹന്‍ സിങ് ജീവിതം പറഞ്ഞ അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്നായിരുന്നു ആ ചടങ്ങ്.
'ഇന്നത്തെ പാകിസ്താന്റെ ഭാഗമായ വെസ്റ്റ് പഞ്ചാബിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച എനിക്ക് പ്രാഥമിക വിദ്യാഭാസത്തിനായി ഗ്രാമത്തില്‍നിന്ന് വളരെദൂരം സഞ്ചരിക്കേണ്ടിവന്നിരുന്നു. അവിടെ നാലാം ക്ലാസ് വരെ പഠിച്ചശേഷം അമ്മാവന്‍ ജോലിചെയ്ത ചക്ക് വാലില്‍ അഞ്ചാംതരം പൂര്‍ത്തിയാക്കി. അച്ഛന് സ്ഥലംമാറ്റം കിട്ടിയപെഷവാറിലാണ് ആറാം ക്ലാസ് മുതല്‍ 10 വരെ പഠിച്ചത്. 10-ലെ മൊട്രിക്കുലേഷന്‍ പരീക്ഷ പെഷാവറില്‍ എഴുതി. പക്ഷേ, , ഇതിനിടയില്‍ വിഭജനം നടന്നു. അതിനാല്‍ 47 ലെ മെട്രിക്കുലേഷന്‍ ഫലം പുറത്തുവന്നതേയില്ല. പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ശേഷം 48-ല്‍ ഡല്‍ഹിയില്‍വെച്ച് വീണ്ടും മെട്രിക്കുലേഷന്‍ പരീക്ഷ എഴുതേണ്ടിവന്നു', മന്‍മോഹന്‍ സിങ് തുടര്‍ന്നു.
'അതുകൊണ്ട് ജീവിതം ആദര്‍ശപരമായ സാഹസികമായ ഒരു സംരംഭമായിരുന്നു. ഞാന്‍ ഒന്നിലും ഖേദിക്കുന്നില്ല. എന്നോട് ഈ രാജ്യം വലിയ തോതില്‍ ദയകാണിച്ചിട്ടുണ്ടെന്ന് അത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഇന്ത്യയെന്ന മഹത്തായ രാജ്യത്തോട് എനിക്ക് ആ കടം ഒരിക്കലും വീട്ടാന്‍ കഴിയില്ല'.
മന്‍മോഹന്‍ സിങ് മൗനിയായി, നിശബ്ദമായി നമ്മെ വിട്ടു പിരിയുമ്പോള്‍ ഈ രാജ്യത്തിന്റെ ആത്മാവ് തീര്‍ച്ചയായും പറയുന്നുണ്ടാകും- നിങ്ങള്‍ ഈ നാടിന് നല്‍കിയ സേവനത്തിന്റെ കടംവീട്ടാന്‍ ഒരിക്കലും കഴിയില്ല.
Content Highlights: Explore Manmohan Singh`s 10 years as PM, his economic reforms, landmark legislation, controversies
Published: 27 Dec 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented