ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പുതിനെ സ്വീകരിക്കാന്‍ അപ്രതീക്ഷിതമായി മോദി എത്തികയായിരുന്നു. ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുതിനെ മോദി സ്വീകരിച്ചത്. ഇരുവരും ഒരേകാറില്‍ ഒരുമിച്ചാണ് പുതിനായി ഒരുക്കിയ താമസസ്ഥലത്തേക്ക് പോയത്.

To advertise here,

റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുന്നതിനായി വിമാനത്താവള സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രധാനമന്ത്രി നേരിട്ടെത്തിയത്. മോദി പുതിനെ നേരിട്ടെത്തി സ്വീകരിക്കും എന്നതിനെക്കുറിച്ച് റഷ്യന്‍ സംഘത്തിന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തത്.

 

 

പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഊഷ്മളമായ നടപടി റഷ്യന്‍ സംഘത്തെ അദ്ഭുതപ്പെടുത്തിയതായും സ്പുട്നിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ പുതിനെ പ്രധാനമന്ത്രി മോദി വ്യക്തിപരമായി സ്വീകരിച്ചത് പതിവില്ലാത്ത നടപടിയാണെന്ന് ബിജെപിയും പ്രതികരിച്ചു. ഇതിന്റെ വീഡിയോയും ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് രാത്രി പ്രധാനമന്ത്രി മോദിയും പുതിനും അത്താഴവിരുന്നില്‍ പങ്കെടുക്കും. ഔദ്യോഗിക വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് അത്താഴവിരുന്നിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം പുതിന്‍ ഇന്ത്യയില്‍ തങ്ങും. നാളെ പ്രധാനമന്ത്രി മോദിയോടൊപ്പം 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി മോദി ഉപയോഗിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലാണ് ഇരുവരും വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. സെപ്തംബറില്‍, ചൈനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിക്കിടെ പുതിന്‍ പ്രധാനമന്ത്രി മോദിക്ക് തന്റെ ഔദ്യോഗിക കാറില്‍ യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ പ്രഖ്യാപിച്ച സമയത്തെ ആ കാര്‍ യാത്ര ഒരു കൃത്യമായ പ്രസ്താവന കൂടിയായിരുന്നു.

നാളെ പ്രധാനമന്ത്രി മോദിയുമായി പുതിന്‍ ചര്‍ച്ച നടത്തും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, വ്യാപാരവും സാമ്പത്തിക സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിലായിരിക്കും ചര്‍ച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. സമീപ വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്.