
ന്യൂഡല്‍ഹി: വധശിക്ഷയില്‍നിന്ന് ഇളവുലഭിച്ച ഇന്ത്യയുടെ എട്ട് മുന്‍നാവികരെ ഖത്തര്‍ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം തേടിയെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ എക്‌സ് കുറിപ്പിന് താഴെയായാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാമര്‍ശം. മുന്‍നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ ഷെയ്ഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്. 'ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം', എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്.
അതേസമയം, സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാമര്‍ശത്തെ തള്ളി ഷാരൂഖ് ഖാന്റെ ഓഫീസ് രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ നാവികരുടെ മോചനത്തില്‍ ഷാരൂഖ് ഖാന് പങ്കുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നടന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മോചനം സാധ്യമാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനാണ്. ഷാരൂഖിന് പങ്കുണ്ടെന്ന വാദങ്ങള്‍ തള്ളിക്കളയുന്നവെന്നും മാനേജര്‍ പൂജ ദദ്‌ലാനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നയതന്ത്രവും ഭരണപരവുമായ കാര്യങ്ങള്‍ യോഗ്യരായ നേതാക്കളാണ് നടപ്പിലാക്കുന്നത്. മുന്‍ നാവിക ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി തിരിച്ചെത്തിയതില്‍ മറ്റെല്ലാവരേയും പോലെ ഷാരൂഖും സന്തോഷവാനാണ്. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
എട്ട് മുന്‍ നാവികരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അലത്താനിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇതോടെ മലയാളി ഉള്‍പ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യയിലെത്തി. ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്. ദോഹയില്‍ തുടരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.
ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്റയില്‍ ജോലിചെയ്യവേയാണ് ഇവര്‍ അറസ്റ്റിലായത്.
ദുബായില്‍നടന്ന കോപ്-28 ഉച്ചകോടിയില്‍ ഖത്തര്‍ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയില്‍ നാവികരുടെ വിഷയവും ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഖത്തര്‍ അധികൃതരുമായുള്ള ചര്‍ച്ചകളില്‍ വലിയ പങ്കുവഹിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
വിഷയത്തിലെ എല്ലാക്കാര്യങ്ങളിലും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മേല്‍നോട്ടമുണ്ടായിരുന്നു എന്നാണ് നാവികര്‍ തിരിച്ചെത്തിയ ശേഷം വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര പറഞ്ഞത്. ഇന്ത്യക്കാരെ തിരികെ വീട്ടിലെത്തിക്കുന്നത് ഉറപ്പാക്കാന്‍ എന്തുചെയ്യാനും അദ്ദേഹം മടിച്ചിട്ടില്ല. മോചനമാണോ മാപ്പുനല്‍കിയതാണോ എന്നൊക്കെ വിശേഷപദങ്ങളില്‍ പറയുന്നതിലും നാവികര്‍ തിരിച്ചെത്തിയെന്ന വസ്തുതയെയാണ് കാണേണ്ടതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.
Content Highlights: Subramanian Swamy says Qatar released Indian navy veterans due to Shah Rukh’s intervention
Published: 13 Feb 2024, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented