
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ കോൺഗ്രസ്-ബിജെപി ഭിന്നത രൂക്ഷം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരസ്പരം വിമർശിച്ച് രംഗത്തെത്തി.
കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അസമിൽ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞത്. എന്നാൽ, അത് ഭരണകക്ഷിയുടെ ഒഴികഴിവ് മാത്രമാണെന്നും മികച്ച ഭരണം കാഴ്ചവെയ്ക്കാൻ കഴിയാത്തതിന് അവർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്നും ഖാർഗെ തിരിച്ചടിച്ചു.
ഞായറാഴ്ച ദിബ്രുഗഡ് ജില്ലയിലെ നംരൂപിൽ 10,601 കോടി രൂപയുടെ വളം പ്ലാന്റ് ഉദ്ഘാടനം ചെയ്തശേഷം നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രി കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്.
''കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അസമിലെ വനങ്ങളിലും ഭൂമിയിലും സ്ഥിരതാമസമാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. വോട്ട് ബാങ്ക് ശക്തിപ്പെടുത്തൽ മാത്രമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ജനങ്ങളെ ശ്രദ്ധിക്കുന്നില്ല. കോൺഗ്രസ് വോട്ടർ പട്ടിക പരിഷ്‌കരണത്തെ എതിർക്കുന്നത് അധികാരം പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണ്. ഞാൻ എന്ത് നല്ല കാര്യം ചെയ്യാൻ ശ്രമിച്ചാലും അവർ എതിർക്കുന്നു. അസമീസ് ജനതയുടെ സ്വത്വം, ഭൂമി, അഭിമാനം, നിലനിൽപ്പ് എന്നിവ സംരക്ഷിക്കാൻ ബിജെപി സർക്കാർ എപ്പോഴും പ്രവർത്തിക്കും. കോൺഗ്രസ് ഈ രാജ്യത്തോട് വളരെയധികം തെറ്റുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 11 വർഷമായി അവ തിരുത്താൻ ശ്രമിക്കുകയാണ്. എല്ലാം നേരെയാക്കാൻ ഇനിയും ധാരാളം ജോലികൾ ബാക്കിയുണ്ട്'', എന്നായിരുന്നു മോദിയുടെ വാക്കുകൾ.
എന്നാൽ, മോദിക്ക് പ്രതിപക്ഷ പാർട്ടികളെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയുമെന്നാണ് ഖാർഗെ ചോദിച്ചത്. ''കേന്ദ്രത്തിൽ ഈ സർക്കാരുണ്ട്. അസമിലും അദ്ദേഹത്തിന്റെ സ്വന്തം സർക്കാരുണ്ട്. അതിനെ ഇരട്ട എഞ്ചിൻ സർക്കാർ എന്ന് വിളിക്കുന്നു. ജനങ്ങളെ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടെങ്കിൽ അതിന് പ്രതിപക്ഷ പാർട്ടികളെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? നമ്മൾ അവിടെ ഭരിക്കുകയാണോ?'', ഖാർഗെ ചോദിച്ചു.
''പരാജയപ്പെടുമ്പോൾ അദ്ദേഹം അതെല്ലാം പ്രതിപക്ഷത്തിനുമേൽ ചാരുന്നു. അത്തരമൊരു പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. അവരാണ് എല്ലാം നശിപ്പിക്കുന്നത്. ഞങ്ങൾ ഒന്നും നശിപ്പിക്കുന്നവരല്ല. ഞങ്ങൾ ആരെയും സംരക്ഷിക്കുന്നുമില്ല. രാജ്യത്തിന്റെ താത്പര്യാർഥം ഞങ്ങൾ എന്ത് നന്മ ചെയ്താലും തീവ്രവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മറ്റുള്ളവരെയോ പിന്തുണയ്ക്കുന്നില്ല. ജനങ്ങളെ സംരക്ഷിക്കുന്നതിലും നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിലും പരാജയപ്പെട്ടതിനാലാണ് മോദി ഞങ്ങളെ കുറ്റപ്പെടുത്തുന്നത്'', ഖാർഗെ കൂട്ടിച്ചേർത്തു.
Content Highlights: PM Modi accuses Congress of anti-national acts and supporting illegal immigrants. Congress chief Kharge retorts, calling it the ruling party`s excuse for poor governance.
Published: 21 Dec 2025, 08:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented