ന്യൂഡല്‍ഹി: മരിച്ചുപോയ തന്റെ അമ്മയെ കോണ്‍ഗ്രസ്-ആര്‍ജെഡി റാലിയില്‍ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയിലാണ് തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ അഭിമാനമാണ്. പാരമ്പര്യം നിറഞ്ഞ ഈ ബിഹാറില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഞാന്‍ സങ്കല്പ്പിച്ചിട്ട് പോലുമില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് വേദിയില്‍ നിന്ന് എന്റെ അമ്മയെ അധിക്ഷേപിച്ചു... ഈ അധിക്ഷേപങ്ങള്‍ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ല. ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും അപമാനിക്കുന്നതാണ്. എനിക്കറിയാം... നിങ്ങളെല്ലാവരും, ബിഹാറിലെ ഓരോ അമ്മയും ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ എത്രമാത്രം വേദനിച്ചു എന്ന്. എന്റെ ഹൃദയത്തിലുള്ള അതേ വേദന ബിഹാറിലെ ജനങ്ങള്‍ക്കുമുണ്ടെന്ന് എനിക്കറിയാം' പ്രധാനമന്ത്രി മോദി പറഞ്ഞു.
നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാന്‍ വേണ്ടിയാണ് താന്‍ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞതെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. 100 വയസ്സ് പൂര്‍ത്തിയാക്കി അന്തരിച്ച, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ അമ്മയെയാണ് അവര്‍ അധിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാന്‍ വേണ്ടിയാണ് എന്റെ അമ്മ എന്നെ അവരില്‍ നിന്ന് അകറ്റിയത്. എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കുറച്ചുകാലം മുന്‍പ്, 100 വയസ്സ് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നമ്മളെ വിട്ടുപിരിഞ്ഞു. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, ഇന്ന് ജീവിച്ചിരിപ്പില്ലാത്ത എന്റെ അമ്മയെ ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചു. സഹോദരിമാരെ, അമ്മമാരെ, എനിക്ക് നിങ്ങളുടെ മുഖങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്, നിങ്ങള്‍ അനുഭവിച്ച വേദന എനിക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ. ചില അമ്മമാരുടെ കണ്ണുകളില്‍ ഞാന്‍ കണ്ണുനീര് കാണുന്നു. ഇത് വളരെ സങ്കടകരവും വേദനാജനകവുമാണ്' മോദി പറഞ്ഞു.
സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ സഹകരണ സംരംഭത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് നിരന്തരം മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi alleges Congress-RJD insulted his late mother at a Bihar rally
Published: 02 Sept 2025, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented