ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ തൊഴിലും വിഭവങ്ങളും നഷ്ടമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സി.എ.എ രാജ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വഭേദഗതിയുടെ പേരില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനു പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. 

To advertise here,

'ആഭ്യന്തരമന്ത്രിയിറക്കിയ പ്രസ്താവന എന്റെ ഒരു ചോദ്യത്തിനും ഉത്തരംനല്‍കാതെ, കെജ്രിവാള്‍ അഴിമതിക്കാരന്‍ എന്നുമാത്രമാണ് പറഞ്ഞിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനാവാത്തവര്‍ എങ്ങനെയാണ് പാകിസ്താനിൽനിന്നുള്ള അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടവും ജോലിയും നല്‍കാന്‍ പോകുന്നത്? രാജ്യത്ത് വിഭജനകാലത്തുണ്ടായതിനേക്കാള്‍ വലുതായിരിക്കും സി.എ.എ കാരണമുണ്ടാകാന്‍ പോകുന്ന പലായനം', കെജ്രിവാള്‍ വിമര്‍ശിച്ചു. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായ പലായനകാലത്തേക്കാൾ കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തും. ഇത് ക്രമസമാധാനം തകര്‍ക്കുമെന്നും മോഷണം, പിടിച്ചുപറി, പീഡനങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി.യുടെ പ്രതികൂലമായ നയങ്ങള്‍ കാരണം രാജ്യംവിട്ട 11 ലക്ഷം വ്യവസായികളെയും ബിസിനസുകാരെയും തിരികെ ഇന്ത്യയിലെത്തിച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയാണ് വേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു.

പൗരത്വം നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്ന പാകിസ്താൻ, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ മൂന്ന് കോടി ജനങ്ങളെങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുണ്ടാകും. ഇതില്‍ ഒരു കോടി ജനങ്ങളെങ്കിലും ഇന്ത്യയിലേക്കെത്തിയാല്‍ എങ്ങനെ ഇവര്‍ക്ക് പാര്‍പ്പിടമൊരുക്കും? പൗരത്വം ലഭിക്കുന്നതോടെ ഇവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരാകും. അജ്ഞാതരായ ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികള്‍ക്ക് പൗരത്വം നല്‍കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.