
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾതേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇറക്കുമതി ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നാണ് മന്ത്രാലയങ്ങൾക്കുള്ള നിർദേശം. അസംസ്‌കൃത എണ്ണയുടെ ഉപഭോഗത്തിൽ കുറവു വരുത്താൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ച് ശുപാർശ സമർപ്പിക്കാൻ ഗതാഗത, പെട്രോളിയം, പ്രകൃതി വാതക, ഊർജ ,ഘനവ്യവസായ മന്ത്രാലയങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കുള്ള ജി.എസ്.ടി. കുറയ്ക്കുക എന്നതാണ് പ്രധാന നിർദേശം. നിലവിൽ 18 മുതൽ 40 ശതമാനം വരെ നികുതിയാണ് ഇവയ്ക്ക്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അഞ്ചു ശതമാനം നിരക്കിനടുത്തേക്ക് ഇതിനെയും കൊണ്ടുവരാനാണു നീക്കം.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കുടുതൽ പ്രോത്സാഹിപ്പിക്കുകയെന്നതാണ് മറ്റൊരു നിർദേശം. കൂടുതൽ മൈലേജുള്ള കാറുകൾ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. വിവിധ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങൾ വലിയ തോതിൽ ഇറക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പശ്ചിമേഷ്യൻ സംഘർഷംമൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം നേരിടുന്ന പ്രതിസന്ധി കേന്ദ്രസർക്കാരിന്റെ ചെലവുകളെ താളംതെറ്റിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. പ്രതിസന്ധി നീണ്ടാൽ ഭക്ഷ്യം, എൽ.പി.ജി, വളം സബ്‌സിഡിയിനത്തിൽ ബജറ്റിൽ കണക്കാക്കിയിരിക്കുന്ന വിഹിതത്തെക്കാൾ 50 ശതമാനത്തോളം അധികച്ചെലവ് സർക്കാരിനുണ്ടാകുമെന്ന് ധനമന്ത്രാലയം വിലയിരുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാനും യു.എസുംതമ്മിൽ ധാരണയിലെത്തിയാലും കാർഗോനീക്കം സുഗമമാകാൻ ഏതാനും മാസംകൂടി വേണ്ടിവരും.
ആഗോളതലത്തിൽ എൽ.എൻ.ജി, രാസവള വിലയിലുണ്ടായ വർധനയും വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളുമാണ് പ്രതിസന്ധിക്കു കാരണം. രാസവള സബ്‌സിഡി ചെലവിനത്തിൽ നടപ്പു സാമ്പത്തികവർഷം ബജറ്റിൽ വകയിരുത്തിയത് 1.71 ലക്ഷം കോടി രൂപയാണ്. ഇതിനെക്കാൾ ഒന്നുമുതൽ 1.3 ലക്ഷം കോടി രൂപ വരെ ചെലവുയർന്നേക്കാം. സബ്‌സിഡിയിനത്തിലും മറ്റ് ഗാർഹിക എൽ.പി.ജി. ഉപഭോക്താക്കൾക്കായി നിയന്ത്രിത വിലയ്ക്ക് വിതരണംചെയ്യുന്ന വകയിലെ സർക്കാർനഷ്ടം നികത്തുന്നതിനുമായി മറ്റൊരു 50,000 കോടി കൂടി വേണ്ടിവരും.
Content Highlights: The Indian PMO has directed ministries to reduce crude oil dependency amid the Middle East crisis. Discover how this impacts GST on vehicles and the rising fertilizer subsidy bill.
Published: 26 May 2026, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented