എംഐ-17 വി-5 ഹെലിക്കോപ്ടറുകൾ. ചിത്രത്തിൽ താഴെ കാണുന്ന സെഡ് പി 5164 എന്ന ഹെലികോപ്ടറാണ് നീലഗിരിയിൽ അപകടത്തിൽപ്പെട്ടത് | ചിത്രം: Angad Singh| twitter.com|zone5aviation
- മോഡൽ: എംഐ-17 വി-5
- നിര്‍മാതാക്കള്‍: കസാന്‍ ഹെലികോപ്റ്റേഴ്സ് (റഷ്യന്‍ ഹെലികോപ്റ്റേഴസ്)
- ക്രൂ കപ്പാസിറ്റി: 3
- ട്രാൻസ്പോർട്ട് കപ്പാസിറ്റി: 36
- പരമാവധി വേഗം: മണിക്കൂറില്‍ 250 കിലോമീറ്റർ

എംഐ-8/17 കുടുംബത്തിലെ ഒരു സൈനിക ഗതാഗത വകഭേദമാണ് എംഐ-17വി-5 ഹെലികോപ്റ്ററുകൾ. റഷ്യൻ ഗവൺവെന്റിന്റെ കീഴിലുള്ള റഷ്യന്‍ ഹെലികോപ്റ്റേഴ്സിന്റെ അനുബന്ധ സ്ഥാപനമായ കസാന്‍ ഹെലികോപ്റ്റേഴ്സാണ് ഇതിന്റെ നിര്‍മാതാക്കള്‍.
ക്യാബിനിനകത്തും പുറത്തും ചരക്ക് കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള എംഐ-17വി-5, ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് നിർമിച്ച ഗതാഗത ഹെലികോപ്റ്ററുകളില്‍ ഒന്നാണ്. സൈനിക, ആയുധ ഗതാഗതം, ഫയര്‍ സപ്പോര്‍ട്ട്, കോണ്‍വോയ് എസ്കോര്‍ട്ട്, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ (എസ്എആര്‍) എന്നീ ദൗത്യങ്ങളിലും വിന്യസിക്കാൻ സാധിക്കുന്നതാണ് ഈ ഹെലികോപ്റ്ററുകള്‍.
എംഐ-17വി-5ന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. കൂടാതെ 580 കിലോമീറ്റര്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് റേഞ്ചും ഈ സൈനിക ഹെലികോപ്റ്ററിനുണ്ട്. രണ്ട് അധിക ഇന്ധന ടാങ്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും ഹെലികോപ്റ്ററിലുണ്ട്. അങ്ങനെ വരുമ്പോൾ സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് 1,065 കിലോമീറ്റര്‍ വരെയായി വര്‍ദ്ധിപ്പിക്കാനാകും. പരമാവധി 6,000 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള കഴിവും ഈ റഷ്യൻ നിർമിതിക്കുണ്ട്.
അതിജീവനം
ഹെലികോപ്റ്ററിന്റെ കോക്ക്പിറ്റും സുപ്രധാന ഘടകങ്ങളും ബുള്ളറ്റ് പ്രൂഫ് പ്ലേറ്റുകളാല്‍ സംരക്ഷിച്ചിരിക്കുന്ന രീതിയാലാണ് നിർമിച്ചിരിക്കുന്നത്. യുദ്ധ സമാനമായ സാഹചര്യങ്ങളിൽ ഇതിനുള്ളിലിരുന്ന് വെടിയുതിർക്കുന്ന സൈനികനെ സംരക്ഷിക്കുന്നതിനായി മെഷീന് ഗണ്ണിന് പുറകിലായി ബുള്ളറ്റ് പ്രൂഫ് കവചങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.

സീല്‍ ചെയ്ത ഇന്ധന ടാങ്കുകള്‍ക്കുള്ളിൽ പോളിയുറീതീന് ഫോം കൊണ്ട് നിറയ്ക്കുകയും ഏതെങ്കിലും അപകടം നടന്നാല്‍ ഇത് സ്ഫോടനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ എഞ്ചിന്-എക്സ്ഹോസ്റ്റ് ഇന്‍ഫ്രാറെഡ് (ഐആര്‍) സപ്രസ്സറുകള്‍, ഒരു ഫ്ലെയേഴ്സ് ഡിസ്പെന്സര്, ഒരു ജാമര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണ സവിശേഷതകള്‍ അപകടം നടന്നാല്‍ യാത്രക്കാര്‍ക്കും ചരക്കുകൾക്കും കൂടുതല്‍ സംരക്ഷണം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിൽ എംഐ-17വി-5
2013 ഫെബ്രുവരിയില്‍ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം 12 എംഐ-17വി-5 ഹെലികോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇതിന് മുമ്പ് 2008 ഡിസംബറില്‍ 80 റഷ്യൻ നിർമിത ഹെലികോപ്റ്ററുകള്‍ക്കായി റഷ്യന്‍ ഹെലികോപ്റ്റേഴ്സിന് 130 കോടി ഡോളറിന്റെ കരാര്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിരുന്നു.

2012-ലും 2013-ലും 71 എംഐ-17വി-5 ഹെലികോപ്റ്ററുകള്‍ക്കായുള്ള കരാറുകളില്‍ റഷ്യൻ ആയുധ വിതരണക്കാരായ റോസോബോറോണെക്സപോര്ട്ടും (Rosoboronexport) ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവും ഒപ്പുവച്ചു. 2008-ല്‍ ഒപ്പുവച്ച കരാറിന്റെ ഭാഗമായി തന്നെയായിരുന്നു പുതിയ ഓര്‍ഡറുകള്‍.
2018 ജൂലൈയില്‍ എംഐ-17വി-5 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് റോസോബോറോണെക്സപോര്ട്ട് ഇന്ത്യയിലേക്ക് എത്തിച്ചു. 2019 ഏപ്രിലില്‍ എംഐ-17വി-5 ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികളും ഓവര്‍ഹോള്‍ സൗകര്യവും ചെയ്ത ശേഷം ഇന്ത്യന്‍ വ്യോമസേന ഉദ്ഘാടനം ചെയ്തു.
ഇന്ത്യയ്ക്ക് പുറമെ അയൽരാജ്യങ്ങളായ ചെെന, പാകിസ്താൻ എന്നിവരുൾപ്പടെ നിരവധി രാജ്യങ്ങൾ സെെനിക ആവശ്യങ്ങൾക്ക് എംഐ-17വി-5 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.
സവിശേഷതകള്‍
മീഡിയം-ലിഫ്റ്റര്‍ ഗണത്തിൽ വരുന്ന എംഐ-17വി-5 എംഐ-8 രൂപഘടന അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എംഐ-17വി-5 ഹെലികോപ്റ്റര്‍ മുന്‍ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ പോലെ തന്നെ മികച്ച പ്രകടന സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ചൂടുകൂടിയ മേഖലകള്‍, സമുദ്രം, മരുഭൂമി തുടങ്ങി ഏതുതരം കാലാവസ്ഥയിലും പറക്കാന്‍ കഴിയുമെന്ന സവിശേഷതയും ഈ ഹെലികോപ്റ്ററുകള്‍ക്കുണ്ട്.

12.5 ചതുരശ്ര മീറ്റർ വിസ്തീര്‍ണ്ണമുള്ള ഹെലികോപ്റ്ററിന്റെ വലിയ ക്യാബിന് ഫലപ്രദമായ സ്ഥലം വാഗ്ദാനം ചെയ്യുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പോര്‍ട്ട്സൈഡ് വാതിലും പിന്‍വശത്തുള്ള റാമ്പും സൈനികരുടെയും ചരക്കുകളുടെയും പെട്ടന്നുള്ള നീക്കത്തിന് അനുവദിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. വിപുലീകരിച്ച സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിങ് ഡോര്‍, പാരച്യൂട്ട് ഉപകരണങ്ങള്‍, സെര്‍ച്ച്ലൈറ്റ്, FLIR സിസ്റ്റം, എമര്‍ജന്‍സി ഫ്ലോട്ടേഷന്‍ സിസ്റ്റം എന്നിവ ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാനാവും.
13,000 കിലോഗ്രാമാണ് ഹെലികോപ്റ്ററിന്റെ പരമാവധി ടേക്ക് ഓഫ് കപ്പാസിറ്റി. ഇതിന് 36 സായുധ സൈനികരെ കൊണ്ടുപോകാനും അല്ലെങ്കില്‍ 4,500 കിലോഗ്രാം ഭാരം സ്ലിംഗ് ചെയ്ത് കൊണ്ടുപോകാനും കഴിയും.
കോക്ക്പിറ്റ്
എംഐ-17വി-5ന്റെ ഗ്ലാസ് കോക്ക്പിറ്റില്‍ അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ നാല് മള്‍ട്ടിഫങ്ഷന്‍ ഡിസ്പ്ലേകള്‍ (എംഎഫ്ഡികള്‍), നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഒരു ഓണ്‍-ബോര്‍ഡ് വെതര്‍ റഡാര്‍, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. വിപുലമായ ഈ കോക്ക്പിറ്റ് പൈലറ്റുമാരുടെ ജോലിഭാരം സാധാരണയിൽ നിന്നും നന്നേ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായി നിര്‍മ്മിച്ച ഇന്ത്യന്‍ എംഐ-17വി-5 ഹെലികോപ്റ്ററുകള്‍ നാവിഗേഷന്‍, ഇന്‍ഫര്‍മേഷന്‍-ഡിസ്പ്ലേകള്‍, ക്യൂയിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള KNEI-8 ഏവിയോണിക്സ് സ്യൂട്ട് ഉള്‍പ്പെടുന്നതാണ്.
ആയുധ സംവിധാനങ്ങള്‍
എംഐ-17വി-5ന് മിസൈലുകള്‍, എസ്-8 റോക്കറ്റുകള്‍, 23എംഎം മെഷീന് ഗണ്‍, പികെടി മെഷീന് ഗണ്‍, എകെഎം സബ് മെഷീന് ഗണ്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ഘടിപ്പിക്കാവുന്ന എട്ട് ഫയറിംഗ് പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ശത്രു സൈനികര്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, തുടങ്ങി സ്ഥിരവും ചലിക്കുന്നതുമായ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഓണ്‍ബോര്‍ഡ് ആയുധ സംവിധാനവുമുണ്ട്.
അപകടങ്ങൾ
2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമില്‍ എംഐ-17വി-5 ഹെലികോപ്റ്റര്‍ തര്‍ന്നുവീണിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്സ്ട്രൈക്ക് നടത്തിയ അതേ ദിവസമാണ് ബദ്ഗാമില്‍ അപകടമുണ്ടായത്. ശ്രീനഗറില്‍ നിന്ന് പറന്നുയര്‍ന്ന് പത്ത് മിനുറ്റുകള്‍ക്കകമാണ് എംഐ-17വി-5 ഹെലികോപ്റ്റര്‍ ബദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ തന്നെ മിസെെൽ തട്ടിയാണ് ഹെലികോപ്റ്റർ തകർന്ന് വീണതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അന്ന് പുറത്തുവന്നിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ടുള്ള എംഐ-17 വി-5 ഹെലിക്കോപ്ടർ തകർന്ന് വീണത്. മൂന്ന് വർഷത്തിനിടെയുള്ള രണ്ടാമത്തെ എംഐ-17വി-5 ഹെലികോപ്റ്റർ അപകടമാണിതെന്നതും ശ്രദ്ധേയമാണ്.
വിദഗ്ധർ വളരെയധികം സുരക്ഷിതമാണെന്ന് വിലയിരുത്തുന്ന എംഐ-17വി-5 പോലുള്ള ഒരു സെെനിക ഹെലികോപ്ടർ മൂന്നു വർഷത്തിനിടെ രണ്ട് തവണ അപകടത്തിൽപ്പെടുന്നത് വളരെ ഗൗരവമായാണ് നിരീക്ഷകർ നോക്കികാണുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്ന് വിദഗ്ധർ പറയുന്നു.
Content highlights: mi 17 v5 military helicopters, considered very safe by experts in aviation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..